കേന്ദ്ര ബജറ്റ്; സെമി കണ്ടക്‌ടർ 2.0 പ്രഖ്യാപിച്ച് ധനമന്ത്രി, ഇക്കുറി വകയിരുത്തിയത് 40,000 കോടി രൂപ
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ഭാവി മുൻകൂട്ടി കണ്ട് വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് നടപ്പിലാക്കിയ സെമി കണ്ടക്‌ടർ ദൗത്യത്തിന്റെ മുന്നേറ്റം കൂടുതൽ മുതലെടുക്കുന്നതിനായി, വ്യവസായ നേതൃത്വത്തിലുള്ള സെമി കണ്ടക്‌ടർ ഗവേഷണ പരിശീലന കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യ സെമികണ്ടക്‌ടർ മിഷൻ 2.0 പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റിൽ ഇപ്പോൾ ധനമന്ത്രി.
സെമി കണ്ടക്‌ടർ ദൗത്യത്തിന്റെ ആക്കം മുതലെടുക്കുന്നതിനായി വിഹിതം 40,000 കോടി രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. ഈ ദൗത്യത്തിന് കീഴിൽ ഇന്ത്യ ഉപകരണങ്ങളും വസ്‌തുക്കളും നിർമ്മിക്കുകയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. മാറി വരുന്ന എഐ കാലഘട്ടത്തിലെ ആവശ്യകതകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം.

വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനായി വ്യവസായ നേതൃത്വത്തിലുള്ള പരിശീലന കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും മന്ത്രി അറിയിച്ചു. പുതിയ വർഷത്തിലെ ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിർമ്മാണ പദ്ധതിക്കുള്ള വിഹിതം 40,000 കോടി രൂപയായി ഉയർത്തുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
സെമി കണ്ടക്‌ടർ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഭാവിക്ക് അനുയോജ്യമായ ഒരു പ്രതിഭാ കൂട്ടായ്‌മ കെട്ടിപ്പടുക്കുന്നതിലും ഗവൺമെന്റ് നൽകുന്ന ഊന്നൽ ഈ പ്രഖ്യാപനം അടിവരയിടുന്നു എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഭാവിയിൽ എഐ അടക്കമുള്ള മേഖലകളിൽ ആഗോള തലത്തിലെ ഒന്നാമൻ ആവാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് ഈ തീരുമാനം വെളിച്ചം വീശുമെന്നാണ് കരുതപ്പെടുന്നത്.
ധനമന്ത്രിയുടെ പ്രസ്‌താവന പ്രകാരം, ഇന്ത്യയുടെ സെമി കണ്ടക്‌ടർ മിഷൻ 1.0 രാജ്യത്തെ സെമികണ്ടക്ടർ മേഖലയുടെ കഴിവുകൾ കാര്യമായി വർധിപ്പിക്കാൻ കാരണമായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രം സെമികണ്ടക്‌ടർ മിഷൻ 2.0 ആരംഭിക്കാൻ ഒരുങ്ങുന്നത്. ഉപകരണ-വസ്‌തു ഉൽപ്പാദനം, പൂർണ്ണമായ രൂപകൽപ്പനയുടെ വികസനം, ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശം, വിതരണ ശൃംഖല ശക്തിപ്പെടുത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സാങ്കേതികവിദ്യയുടെ വികസനത്തിനും വിദഗ്ധ തൊഴിലാളികളെ വളർത്തുന്നതിനും വ്യാവസായിക ഗവേഷണ-പരിശീലന കേന്ദ്രങ്ങൾക്കും ഈ ദൗത്യം ഊന്നൽ നൽകും. 2025 ഏപ്രിലിൽ 22,999 കോടി രൂപ വകയിരുത്തി ആരംഭിച്ച ഇലക്ട്രോണിക്‌സ് കമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്‌കീമിന്, ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിക്ഷേപ വാഗ്‌ദാനങ്ങൾ ലഭിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ, പദ്ധതിയുടെ അടങ്കൽ തുക 40,000 കോടിയായി കൂട്ടാൻ തീരുമാനിച്ചത്.












Click it and Unblock the Notifications