കേന്ദ്ര ബജറ്റ്; ഓഹരി വിപണിയിൽ ഇടിവ്, സെൻസെക്‌സ് 1000 പോയിന്റിലധികം വീണു, നിഫ്റ്റിക്ക് നഷ്‌ടം 500 പോയിന്റ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ദിനമായ ഞായറാഴ്‌ച ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്‌സ് 1,150 പോയിന്റ് (1.40 ശതമാനം) താഴ്ന്ന് 81,119-ലും, എൻഎസ്ഇ നിഫ്റ്റി50 530 പോയിന്റ് (2.09 ശതമാനം) ഇടിഞ്ഞ് 24,790-ലും എത്തിയിരിക്കുകയാണ്. ഉച്ചയ്ക്ക് 12:30-ഓടെയായിരുന്നു ഈ കണക്കുകൾ. ഓരോ മണിക്കൂറിലും ഇടിവിനെ തോത് വർധിച്ചു വരികയാണ് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
ബജറ്റ് ദിവസത്തിലും പതിവുപോലെ വ്യാപാരം നടക്കുമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) അറിയിച്ചിരുന്നു. സാധാരണ വ്യാപാര സമയക്രമത്തിൽ മാറ്റമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇടിവ്. ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വിപണി പിടിവിട്ടത് പോലെ താഴേക്ക് പതിക്കുകയായിരുന്നു.

വിപണി വീഴാൻ കാരണം ആ പ്രഖ്യാപനമോ?
ധനമന്ത്രി ബജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് (എസ്‌ടിടി) വർധിപ്പിച്ചതിനെ തുടർന്നാണ് വിപണിക്ക് ദോഷമായത്. ഇന്ത്യൻ സർക്കാർ ഓഹരി, ഡെറിവേറ്റീവ്, ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്ക് ചുമത്തുന്ന ഒരു നേരിട്ടുള്ള നികുതിയാണ് ഇത്. ലളിതമായി പറഞ്ഞാൽ, സ്‌റ്റോക്ക് എക്സ്ചേഞ്ചുകളിൽ സെക്യൂരിറ്റികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഇടപാട് മൂല്യത്തിന്മേലാണ് ഈ നികുതി ഈടാക്കുന്നത്. ഇത് ലാഭത്തിനല്ല, ഇടപാടുകൾക്ക് മാത്രമാണ്.
എസ്‌ടിടി ബാധകമാകുന്നത് നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ച് (BSE) എന്നിവിടങ്ങളിലെ വ്യാപാരങ്ങൾക്ക് മാത്രമായിരിക്കും എന്നതാണ് പ്രത്യേകത. ഇക്വിറ്റി ഓഹരികൾ, ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ്&ഒ), ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ റിഡംഷനിൽ, ഇക്വിറ്റി ഇടിഎഫുകൾ എന്നിവയിൽ ഇത് ഈടാക്കുന്നു.
ഓപ്ഷൻ ട്രേഡിംഗിൽ എസ്‌ടിടി വർധിപ്പിച്ചതാണ് തിരിച്ചടിയാകുന്നത്. മാത്രമല്ല ഫ്യൂച്ചറുകളിലെ എസ്‌ടിടി 0.05 ശതമാനം ആയി ഉയർത്തി. ഓപ്ഷനുകളിലെ എസ്‌ടിടി 0.15 ശതമാനം ആയി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. ബൈബാക്കുകൾക്ക് മൂലധന നേട്ടമായി നികുതി ചുമത്താനുള്ള തീരുമാനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണ-വെള്ളി ഫ്യൂച്ചറുകൾ താഴേക്ക്
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഞായറാഴ്‌ച സ്വർണ്ണ, വെള്ളി ഫ്യൂച്ചറുകൾക്ക് കനത്ത ഇടിവ് നേരിട്ടു, ഇത് ലോവർ സർക്യൂട്ട് നിലവാരത്തിലെത്തി. ഏപ്രിൽ 2-ന് ഡെലിവറി ചെയ്യേണ്ട സ്വർണ്ണ ഫ്യൂച്ചറുകൾ 6 ശതമാനം (9,140 രൂപ) കുറഞ്ഞ് 10 ഗ്രാമിന് 1,43,205 രൂപയായി. മാർച്ച് 5, 2026-ലെ വെള്ളി ഫ്യൂച്ചറുകൾ 6 ശതമാനം (17,515 രൂപ) ഇടിഞ്ഞ് കിലോയ്ക്ക് 2,74,410 രൂപയിലുമെത്തി.
എംസിഎക്‌സ് ഓഹരികളും കുത്തനെ ഇടിഞ്ഞ് 10 ശതമാനം നഷ്ടത്തിൽ 2,145.25 രൂപയിലെത്തി ലോവർ സർക്യൂട്ട് രേഖപ്പെടുത്തി. വെള്ളിയാഴ്‌ച ലോഹങ്ങൾക്ക് നേരിട്ട ചരിത്രപരമായ തകർച്ചയ്ക്ക് ശേഷമുള്ള ലാഭമെടുപ്പാണ് ഈ വിറ്റഴിക്കലിന് കാരണമെന്ന് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തി. മാത്രമല്ല ഇക്കുറി ബജറ്റിൽ സ്വർണത്തിന് ഗുണമാവുന്ന ഒരു പ്രഖ്യാപനം ഉണ്ടായിരുന്നില്ല താനും.












Click it and Unblock the Notifications