വിദ്യാഭ്യാസത്തില്‍ യുഎഇയുമായി കൈകോർത്ത് ഇന്ത്യ: ആനുകൂല്യം വിദ്യാർത്ഥികള്‍ക്ക്, ധാരണപത്രം ഒപ്പുവെച്ചു
ദില്ലി: വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും യു എ ഇ യും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച അംഗീകാരം നൽകിയത്.
ഇന്ത്യയും യു എ ഇയും തമ്മിലുള്ള നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ഇടപെടലുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാകുന്നത്. ധാരണ ഇരുരാജ്യങ്ങളിലേയും വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും.

വിദ്യാഭ്യാസ മേഖലയിൽ യു എ ഇയുമായി 2015-ൽ ഒപ്പുവച്ച ധാരണാപത്രം 2018-ൽ അവസാനിച്ചിരുന്നു. 2019-ൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ നടന്ന യോഗത്തിൽ പുതിയ ധാരണാപത്രം ഒപ്പിടാൻ യു എ ഇ നിർദേശിച്ചിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഘലയില്‍ ദേശീയ വിദ്യാഭ്യാസ നയം 2020 കൊണ്ടുവന്ന മാറ്റങ്ങൾ പുതിയ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവര വിദ്യാഭ്യാസ കൈമാറ്റം, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന (ടിവിഇടി) ടീച്ചിംഗ് സ്റ്റാഫിന്റെ ശേഷി വികസനം, ഇരട്ട, ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ ധാരണാപത്രം ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം പുനരുജ്ജീവിപ്പിക്കുകയും യോഗ്യതകളുടെ പരസ്പര അംഗീകാരം പ്രോത്സാഹിപ്പിക്കുന്നതിന് വിവരങ്ങൾ കൈമാറുന്നതിനുള്ള സൗകര്യം നൽകുകയും ചെയ്യും. യുഎഇ, ഇന്ത്യക്കാരുടെ പ്രധാന തൊഴിൽ സ്ഥലമായതിനാൽ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും ഈ കരാറില്‍ ഉള്‍പ്പെടുന്നു.

ധാരണാപത്രം ഒപ്പിട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ രണ്ട് കക്ഷികളുടെയും സമ്മതത്തോടെ പുതുക്കാവുന്നതായിരിക്കും. ഒരിക്കൽ ഒപ്പുവെക്കുന്നതോടെ, ഈ ധാരണാപത്രം 2015-ൽ യു എ ഇ യുമായി നേരത്തെ ഒപ്പുവച്ച ധാരണാപത്രത്തെ അസാധുവാക്കും, അതിന് തുടർന്ന് പ്രാബല്ല്യം ഉണ്ടാവില്ല.












Click it and Unblock the Notifications