'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിൽ പ്രതികരിച്ച് യുഎൻ
ന്യൂഡൽഹി: ജർമ്മനിക്കും യുഎസിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഐക്യരാഷ്‌ട്ര സഭ. ഇന്ത്യയിൽ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് യുഎൻ വക്താവ് പ്രതീക്ഷ പങ്കുവച്ചു. വ്യാഴാഴ്‌ച പത്രസമ്മേളനത്തിൽ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാൻ ഡുജാറിക്കാണ് ഇക്കാര്യം അറിയിച്ചത്.
'തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എന്നായിരുന്നു ഡുജാറിക്ക് പറഞ്ഞത്.

അരവിന്ദ് കെജ്രിവാളിനെ അറസ്‌റ്റ് ചെയ്യുകയും, കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ അശാന്തിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡുജാറിക്ക്. നേരത്തെ വിഷയത്തിൽ അമേരിക്കയും ജർമ്മനിയും ഒരുപോലെ ആശങ്ക പ്രകടിപ്പിച്ചതിന് ശേഷമാണു യുഎൻ കൂടി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ന്യായവും സുതാര്യവുമായ നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം എന്നായിരുന്നു യുഎസിന്റെ പ്രതികരണം. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് തെല്ലും പുറകോട്ട് പോവാൻ യുഎസ് തയ്യാറായില്ല.
ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷവും നിലപാട് തുടർന്ന യുഎസ് അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചിരുന്നു. എന്നാൽ പ്രസ്‌താവന അനാവശ്യമാണെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു സുപ്രധാന പ്രതിപക്ഷ കക്ഷിയുടെ മുതിർന്ന നേതാവും, സംസ്ഥാന മുഖ്യമന്ത്രിയുമായ കെജ്രിവാളിനെ തുറുങ്കിൽ അടച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല പുറത്തും ഈ വിഷയം ചർച്ചയായി എന്നതാണ് യുഎസിന്റേയും, ജർമ്മനിയുടേയും ഇപ്പോൾ ഐക്യരാഷ്‌ട്ര സഭയുടെയും നിലപാടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ രാജ്യത്തിനകത്ത് പ്രതിപക്ഷ സഖ്യം വിഷയത്തിൽ ശക്തമായ പ്രക്ഷോഭമാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതും ആദായനികുതി നടപടികളും വിദേശ രാജ്യങ്ങൾ ഉൾപ്പെടെ ഉറ്റുനോക്കുന്നുണ്ട്. കൂടുതൽ രാജ്യങ്ങൾ വിഷയത്തിൽ പ്രതികരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications