യുപി ഉപതിരഞ്ഞെടുപ്പ്; സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സീറ്റുവിഭജന ചർച്ചകൾക്ക് തുടക്കം, കൊടുക്കൽ വാങ്ങൽ നയമോ?
ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചതായി റിപ്പോർട്ട്. ഇരു പാർട്ടികളുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലോക്‌സഭയിലെ വൻ മുന്നേറ്റം സംസ്ഥാനത്ത് തുടരാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഇരു പാർട്ടികളും രംഗത്ത് ഇറങ്ങുന്നത്.
ഇക്കുറി ബിജെപിയുടെ യോഗി സർക്കാരിനെതിരായ വികാരം ഏത് വിധേനയും ഗുണകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സഖ്യം ഉപതിരഞ്ഞെടുപ്പിന് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കടുംപിടിത്തങ്ങൾ ഇരു വിഭാഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവാനിടയില്ല. പ്രത്യേകിച്ച് സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരം പ്രകടമായ സാഹചര്യത്തിൽ ഇരു വിഭാഗങ്ങളും വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായേക്കും.

എന്താവും സീറ്റ് വിഭജന ഫോർമുല?
യുപി നിയമസഭ ഉപതിരഞ്ഞെടുപ്പ് മാത്രമാവില്ല സഖ്യത്തിന്റെ ചർച്ചകളിൽ ഇടംപിടിച്ചതെന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു. കുറച്ചുകൂടി വിശാലമായി തിരഞ്ഞെടുപ്പിനെ നോക്കി കാണാനാവും ഇരു പാർട്ടികളുടെയും ശ്രമം. പ്രധാനമായും ഇക്കാര്യത്തിൽ ഒരു കൊടുക്കൽ വാങ്ങൽ നയം തന്നെയാവും ഇവർ വച്ചുപുലർത്തുക എന്നാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന വിവരം.
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകൾ കൂടി ഉൾപ്പെടുത്തിയാവും നയ രൂപീകരണം നടക്കുക. എന്തെന്നാൽ അവിടെ കരുത്ത് തെളിയിക്കുക എന്നതും പ്രവർത്തനം വ്യാപിപ്പിക്കുക എന്നതും സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് വേണ്ടി യുപിയിൽ ഒന്നോ രണ്ടോ സീറ്റുകൾ വിട്ടുകൊടുക്കാൻ അവർ തയ്യാറാവുമെന്ന കാര്യത്തിൽ സംശയമില്ല.
യുപിയിലെ അധിക സീറ്റുകൾക്ക് പകരമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിൽ നിന്ന് 10 മുതൽ 12 വരെ സീറ്റുകൾ ആവശ്യപ്പെടുക എന്നതാണ് എസ്‌പിയുടെ തീരുമാനം. ഹരിയാനയിൽ കോൺഗ്രസിൽ നിന്നും സമാജ്‌വാദി പാർട്ടി അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടേക്കും. ഇതിന് പകരമായി യുപി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് നിയമസഭാ സീറ്റുകൾ ലഭിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും സമാജ്‌വാദി പാർട്ടിയുടെ സീറ്റ് വിഭജന ഫോർമുല കോൺഗ്രസ് അംഗീകരിച്ചാൽ, ഗാസിയാബാദിലെ മജ്‌വ നിയമസഭാ സീറ്റും മിർസാപൂർ സീറ്റും കോൺഗ്രസിന് നൽകുന്ന കാര്യം അവർ പരിഗണിച്ചേക്കും എന്നാണ് സൂചന.
യുപി കോൺഗ്രസിന് നിർണായകം
യുപിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് വളരെയധികം നിർണായകമാണ്. ഇത്തവണ ലോക്‌സഭയിൽ വലിയ മുന്നേറ്റമാണ് അവർ പ്രകടമാക്കിയത്. എന്നാൽ അത് നിലനിർത്താൻ ഉപതിരഞ്ഞെടുപ്പിൽ അത് അവർക്ക് തെളിയിച്ചേ പറ്റൂ. അത് കൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഹരിയാനയിലും സീറ്റുകൾ സമാജ്‌വാദി പാർട്ടിക്ക് നൽകി കൊണ്ട് നിർണായകമായ രണ്ട് സീറ്റുകൾ യുപിയിൽ നേടിയെടുക്കാൻ തന്നെയാവും കോൺഗ്രസിന്റെ തീരുമാനം.












Click it and Unblock the Notifications