കരുതലോടെ ബിജെപി; ബ്രാഹ്മണർക്ക് കൂടുതൽ സീറ്റുമായി പുതിയ പട്ടിക
ലഖ്നൗ; ഉത്തർപ്രദേശിൽ ബ്രാഹ്മണർക്ക് കൂടുതൽ സീറ്റ് നൽകി ബിജെപിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക. വെള്ളിയാഴ്ച പ്രഖ്യാപിച്ച 91 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ഏഴാമത്തെ പട്ടികയിൽ 21 ബ്രാഹ്മണ സമുദായാംഗങ്ങൾക്കാണ് സീറ്റ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 12 ശതമാനത്തോളം ബ്രാഹ്മണരാണ്. ഏകദേശം 50 ഓളം മണ്ഡലങ്ങളിൽ ഇവർക്ക് ശക്തമായ സ്വാധീനം ഉണ്ട്. 2017 ൽ യുപിയിൽ ബിജെപിയെ അധികാരത്തിലേറ്റുന്നതിൽ ബ്രാഹ്മണ സമുദായത്തിന് നിർണായക പങ്കുണ്ടായിരുന്നു. സമുദായത്തിലെ 80 ശതമാനം വോട്ടുകളും കഴിഞ്ഞ തവണ ബിജെപിയ്ക്കാണ് ലഭിച്ചതെന്നാണ് കണക്കുകൾ.

ബി ജെ പി തൂത്തുവാരിയ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എസ് പിയും ബി എസ് പിയും കൈകോർത്തപ്പോൾ ബ്രാഹ്മണ വോട്ട് ബാങ്കാണ് യഥാർത്ഥത്തിൽ ബി ജെ പിയെ തുണച്ചത്. എന്നാൽ ഇക്കുറി ബ്രാഹ്മണ വോട്ടുകളിൽ വലിയ നഷ്ടം ബി ജെ പിക്ക് സംഭവിച്ചേക്കാമെന്ന വിലയിരുത്തലുകൾ ഉണ്ട്.

ഠാക്കൂർ വിഭാഗക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ തങ്ങളുടെ ഒതുക്കുകയാണെന്ന വികാരം സമുദായാംഗങ്ങൾക്കുണ്ട്. മാത്രമല്ല സർക്കാരിലും മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനവും അംഗങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ സമുദായത്തിന്റെ വോട്ടുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിലോ പ്രയാഗ് രാജിലോ ബി ജെ പി സ്ഥാനാർത്ഥിയാക്കാതിരുന്നത് തന്നെ ബ്രാഹ്മണ വോട്ടുകൾ ലഭിക്കില്ലെന്ന ആശങ്കയിലാണ്.

അതേസമയം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള ഒ ബി സി നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്കും ബി ജെ പിക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്. മന്ത്രിമർ ഉൾപ്പെടെയുള്ളവരായിരുന്നു രാജിവെച്ചത്. ഇവർ പിന്നീട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിൽ ചേരുകയും ചെയ്തു. ഈ സാഹചര്യത്തിൽ
20 ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാക്കൾക്കും ഏഴാമത്തെ പട്ടികയിൽ സീറ്റ് നൽകിയിട്ടുണ്ട്.

കർഷകർ ഏറെയുള്ള പടിഞ്ഞാറൻ യുപിയിൽ ജാട്ട് വിഭാഗവും ബി ജെ പിയോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള ആർ എൽ ഡി നിലവിൽ എസ്പിയുമായി സഖ്യത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നത്. ഇതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജാട്ട് സമുദായാംഗങ്ങളുടെ അതൃപ്തി മറികടക്കാൻ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ 200 ഓളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ ഏഴാമത്തെ പട്ടികയിൽ 91 സീറ്റുകളിൽ 53 എംഎൽഎമാരെ ബി ജെ പി നിലനിർത്തിയിട്ടുണ്ട്. നേരത്തേ 100 ഓളം സിറ്റിംഗ് എം എൽ എമാരെ മാറ്റി നിർത്തിക്കൊണ്ടാകും പുതിയ പട്ടികയെന്നായിരുന്നു റിപ്പോർട്ടുകൾ. ആഭ്യന്തര സർവ്വേയിൽ പലരും മികച്ച പ്രവർത്തനം കാഴ്ച വെച്ചില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ മന്ത്രിമാർ ഉൾപ്പെടെ പാർട്ടി വിട്ടതോടെ കൂടുതൽ എം എൽ എമാരെ മാറ്റി നിർത്തിയാലൽ അത് പാർട്ടിയിൽ വലിയ കലാപത്തിന് കാരണമാകുമെന്നും കൂടുതൽ പേർ പാർട്ടി വിടാനുള്ള സാഹചര്യമൊരുക്കുമെന്ന വിലയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് സിറ്റിംഗ് എം എൽ എമാരെ നിലനിർത്താനുള്ള തിരുമാനം. ഒമ്പത് വനിതാ സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്.

2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബിജെപി ഉത്തർപ്രദേശ് പിടിച്ചത്. ഇത്തവണ 250 വരെ സീറ്റുകളാണ് അഭിപ്രായ സർവ്വേകൾ പാർട്ടിക്ക് പ്രവചിക്കുന്നത്. തിരിച്ചടി ഭയന്ന് അമിത് ഷാ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് കാഴ്ചവെയ്ക്കുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications