എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥിയില്ല? മുസ്ലീം കുടുംബത്തിന് സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്ന് അമിത് ഷാ
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇനി വോട്ടെടുപ്പ് പൂര്‍ത്തിയാകാനുള്ളത്. അഞ്ച് തെരഞ്ഞെടുപ്പിലും ബി ജെ പി മത്സരിക്കുന്നുണ്ട്. എന്നാല്‍ ഈ അഞ്ച് തെരഞ്ഞെടുപ്പുകളിലാകെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമാണ് ബി ജെ പി മത്സരിപ്പിച്ചത്. ഇത് വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ മാത്രം മത്സരിപ്പിച്ചത് എന്നതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്കാ സാത്ത്, സബ്കാ വികാസ് എന്നാണ് നിങ്ങളുടെ നയം. എന്നാല്‍ 2017ലും ഇപ്പോഴും എന്തുകൊണ്ടാണ് ബി ജെ പി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും യു പിയില്‍ മത്സരിപ്പിക്കാത്തത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് സബ്കാ സാത്ത്, സബ്കാ വികാസ് ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല, ഈ സര്‍ക്കാരിന്റെ നയമാണ് എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. സൗജന്യ റേഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു മുസ്ലീം കുടുംബത്തിന് അത് ലഭിച്ചില്ലെങ്കില്‍ അത് പരാജയപ്പെടും, സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചില്ലെങ്കില്‍, അര്‍ഹതയുണ്ടായിട്ടും ആവാസ് യോജനയില്‍ വീട് ലഭിച്ചില്ലെങ്കില്‍ എല്ലാം ആ നയം പരാജയപ്പെടും.

അല്ലെങ്കില്‍, ഒരു ഹിന്ദു പാര്‍പ്പിട പ്രദേശത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കുകയും മുസ്ലീം കുടുംബത്തിന് അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആമുദ്രാവാക്യം പൊള്ളയാകും. എനിക്ക് ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാന്‍ കഴിയും ഉത്തര്‍പ്രദേശില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആരെയും വേര്‍തിരിക്കാതെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ മനസിലാകുമെന്ന്. എന്നാല്‍ പദ്ധതികള്‍ ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമാണ്, പക്ഷേ അത് ഒരു പൗരന്റെ അവകാശമാണെന്നും നിയമസഭയിലും സര്‍ക്കാരിലും പ്രാതിനിധ്യം മുസ്ലീം വിഭാഗത്തിന് പ്രധാനമല്ലേയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.

എന്നാല്‍ തങ്ങള്‍ സീറ്റ് നല്‍കുന്നത് വിജയത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. മാധ്യമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും ബി ജെ പിക്കും ഇടയില്‍ അകല്‍ച്ചയുണ്ടാക്കുകയും അത് തീവ്രമാക്കുകയും ചെയ്താല്‍ വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18 കോടി അംഗങ്ങളുള്ള ബി ജെ പി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്നും എന്നിട്ടും നിങ്ങള്‍ക്ക് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താനായിട്ടില്ലേയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

തങ്ങള്‍ 2017 ല്‍ ഒരു മുസ്ലീമിനെ എം എല്‍ എസിയാക്കി മന്ത്രിയാക്കിയിരുന്നു എന്നാണ് അമിത് ഇതിന് മറുപടി നല്‍കിയത്. തങ്ങളെ സംബന്ധിച്ച് ഹിന്ദുവോ മുസ്ലീമോ എന്നല്ല ബി ജെ പി പ്രവര്‍ത്തകനാണോ എന്നതാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് 12 മണിക്കൂറിലധികം വൈദ്യുതി ലഭിച്ചു തുടങ്ങിയെന്നും പക്ഷേ, 'എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാത്തത്?' എന്ന് ചോദിക്കാനാണ് നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

2014 മുതല്‍ മോദിജിക്ക് ഈ മുദ്രാവാക്യമുണ്ട്. സബ്കാ സാത്ത്, സബ്കാ വിശ്വാസം. ഞങ്ങള്‍ ഇപ്പോഴും അതേ മുദ്രാവാക്യവുമായി പോകുന്നു, ഭാഷ വ്യത്യസ്തമായിരിക്കും പക്ഷെ ഒരു ജാതി വിഭാഗവും തങ്ങളില്‍ നിന്ന് അകന്നുപോയിട്ടില്ലെന്നും ചില നേതാക്കള്‍ ഒഴിഞ്ഞുമാറിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍, ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകളുടെ ഉടമസ്ഥാവകാശം ആര്‍ക്കും അവകാശപ്പെടാനാവില്ലെന്നും ഓരോ വോട്ടറും തന്റെ വോട്ട് വ്യക്തിഗതമായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications