വാജ്പേയിയെ ആദ്യമായി പാർലമെന്റിലേക്കയച്ച ബാൽറാംപൂർ;2017 ൽ 4ൽ 4ഉം നേടും..ഇക്കുറി ബിജെപിക്ക് കടുത്ത വെല്ലുവിളി
ദില്ലി; മുൻ പ്രധാനമന്ത്രി അടൽ ബിഹാറി വാജ്പേയിയെ ആദ്യമായി പാർലമെന്റിലേക്ക് അയച്ച മണ്ഡലമാണ് ബാൽറാംപൂർ, ബിജെപിയുടെ കോട്ടയായി കണക്കാക്കുന്ന മണ്ഡലം. എന്നാൽ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് പാർട്ടി ഇവിടെ നേരിടുന്നത്.
ബൽറാംപൂർ മണ്ഡലത്തിൽ നാല് നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ബൽറാംപൂർ, ഗൈശ്രീ, ഉത്രൊള, തുളസിപൂർ. നിലവിൽ ബി ജെ പിയാണ് നാല് മണ്ഡലവും ഭരിക്കുന്നത്. എന്നാൽ ഇത്തവണ മണ്ഡലം ബിജെപിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളിയാണ്.

2007 ൽ ബൽറാംപൂരിൽ ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) ബിജെപിയും രണ്ട് സീറ്റുകൾ വീതം നേടിയിരുന്നു. എന്നാൽ 2012ൽ സമാജ്വാദി പാർട്ടി (എസ്പി) നാല് സീറ്റുകളിലും വിജയിച്ചിരുന്നു. 2017 ൽ എസ് പിയെ പുറത്താക്കി നാല് മണ്ഡലങ്ങലും ബി ജെ പി പിടിച്ചെടുത്തു. ഇത്തവണ നാല് മണ്ഡലങ്ങളിലും ബി ജെ പിയും സമാജ്വാദി പാർട്ടിയും നേർക്ക് നേരാണ് പോരാട്ടം.
സംവരണ സീറ്റായ ബൽറാംപൂരിൽ സംസ്ഥാന മന്ത്രി കൂടിയായ സിറ്റിംഗ് എംഎൽഎ പാൽതുറാമിനെതിരെ (ബിജെപി) എസ്പിയുടെ ജാഗ്രം പസ്വാനാണ് മത്സരിക്കുന്നത്. 4.14 ലക്ഷത്തിലധികം വോട്ടർമാരുള്ള മണ്ഡലത്തിൽ 38 ശതമാനം ഒബിസി വിഭാഗക്കാരാണ്. എട്ട് ശതമാനം ജനറൽ വിഭാഗത്തിലും 21 എസ്‌സി/എസ്ടി ജനസംഖ്യയും 23 ശതമാനം മുസ്‌ലിംകളിലും ഉൾപ്പെടുന്നു.
തുളസിപൂർ സീറ്റിലും 35 ശതമാനം ഒബിസി വിഭാഗക്കാരാണ്. 23 ശതമാനം എസ്‌സിയും 22 ശതമാനം മുസ്ലീങ്ങളുമുണ്ട്.മുൻ എംപി റിസ്വാൻ സഹീറിന്റെ മകൾ സീബ റിസ്വാൻ തുളസിപൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. നിലവിൽ സഹീറും മകളും കൊലക്കേസിൽ ജയിലിൽ കഴിയുകയാണ്. എസ്പി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നായിരുന്നു സെബ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ബിജെപി കൈലാഷ് നാഥ് ശുക്ലയെ വീണ്ടും മത്സരിപ്പിച്ചപ്പോൾ എസ്പി രണ്ട് തവണ എംഎൽഎയായ അബ്ദുൾ മഹ്സൂദ് ഖാനാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. അതേസമയം സെബയുടെ സാന്നിധ്യം എസ് പി വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും ഇത് ബി ജെ പിക്ക് ഇവിടെ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും ഒബിസി വോട്ടുകൾ ഇവിടെ നിർണായകമാകും.
സിറ്റിംഗ് എം.എൽ.എ.യും ലഖ്‌നൗ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റുമായ ശൈലേഷ് കുമാർ സിംഗ് 'ശൈലു' ഗൈശ്രീ സീറ്റിൽ എസ്പിയുടെ ശിവ് പ്രതാപ് യാദവിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 2303 വോട്ടുകൾക്കായിരുന്നു ശൈലു ഇവിടെ നിന്ന് ജയിച്ചത്. മുസ്ലീം സ്ഥാനാർത്ഥികളെയാണ് എസ് പിയും കോൺഗ്രസും ഇവിടെ മത്സരിപ്പിച്ചിരിക്കുന്നത്.
ഉത്രാല സീറ്റിൽ പരമാവധി 34 ശതമാനം ഒബിസി വോട്ടർമാരും മറ്റുള്ളവരെ കൂടാതെ 25 ശതമാനം മുസ്ലീങ്ങളും ഉണ്ട്. രാം പ്രതാപ് വർമ്മയെയാണ് ഇവിടെ ബി ജെ പി മത്സരിപ്പിച്ചത്. ഹസിബ് ഖാനാണ് എസ് പി അവസരം നൽകിയിരിക്കുന്നത്. ധീരേന്ദ്ര പ്രതാപ് സിംഗാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
Recommended Video
മാർച്ച് 3 ന് നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിലാണ് ബൽറാംപൂറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറാം ഘട്ടത്തിൽ ഗോരഖ്പൂർ, അംബേദ്കർനഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, കുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നിങ്ങനെ പത്ത് ജില്ലകളിലെ 57 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ 57 ൽ 46 സീറ്റിലും വിജയിച്ചത് ബി ജെ പിയായിരുന്നു. 2 സീറ്റിൽ ബി ജെ പി സഖ്യകക്ഷികളായിരുന്ന അപ്നാദളും സുഹേൽദേവ് സമാജ്വാദി പാർട്ടിയുമാണ് വിജയിച്ചത്.












Click it and Unblock the Notifications