ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മോദിയുടെ പ്രസംഗം; പ്രതിപക്ഷം തന്റെ മരണത്തിനായി പ്രാര്‍ഥന നടത്തുന്നുവെന്ന് മോദി
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വൈകിയതിനെ തുടര്‍ന്ന് വാരണാസിയിലെ സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാലയില്‍ 'ബൂത്ത് വിജയ് സമ്മേളന'ത്തിന് എത്തിയ ബൂത്ത് ഉദ്യോഗസ്ഥര്‍ വേദി വിട്ടിരുന്നു. 20000 ത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച പരിപാടിയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. അരമണിക്കൂറോളം വൈകിയാണ് സമ്മേളനം ആരംഭിച്ചത്. മറ്റ് സ്റ്റേജ് നടപടിക്രമങ്ങള്‍ കാരണം പ്രധാനമന്ത്രിയുടെ പ്രസംഗം വൈകിയതോടെയാണ് ബൂത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടത്. എന്നാല്‍ വേദി വിട്ടവരില്‍ പലരും പല കാരണങ്ങളാണ് പറഞ്ഞതെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തനിക്ക് അടിയന്തിരമായി ഒരു മീറ്റിംഗിന് പോകേണ്ടതുണ്ടെന്നും വീണ്ടും വരാമെന്നും പറഞ്ഞാണ് ബൂത്ത് ഉദ്യോഗസ്ഥനായ സണ്ണി സിംഗ് പോയതെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ജെ പി ഒ ബി സി മുന്നണി അധ്യക്ഷന്‍ സോമനാഥ് മൗര്യയും വിട്ടുനിന്നു. എല്ലാവരും വേദി വിട്ടതിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍ ഉച്ച മുതല്‍ ആളുകള്‍ വേദിയില്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് സോമനാഥ് വ്യക്തമാക്കി. 'അവര്‍ക്കെല്ലാം വിശപ്പും ദാഹവുമായിരുന്നു. അവര്‍ ഉടന്‍ മടങ്ങിവരും എന്നായിരുന്നു സോമനാഥ് മൗര്യ പറഞ്ഞത്.

മകള്‍ക്ക് പരീക്ഷയുണ്ടെന്നും മകളെ കൊണ്ടാക്കിയ ശേഷം തിരിച്ചു വരുമെന്നുമായിരുന്നു ബിജെപി മണ്ഡലം പ്രസിഡന്റ് മോണിക്ക പാണ്ഡെ പറഞ്ഞത്. വാരാണസിയിലെ പൊതുസമ്മേളനത്തെ ഞായറാഴ്ച മോദിയായിരുന്നു അഭിസംബോധന ചെയ്ത് സംസാരിച്ചത്. അതേസമയം രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് മോദി പ്രസംഗത്തിനിടെ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് സന്തോഷമാണ് തോന്നിയത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിന്റെ അര്‍ഥം മരണം വരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം വാരണാസിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ബി ജെ പി സംഘടിപ്പിച്ചിരുന്നു.
Recommended Video


പ്രധാനമന്ത്രിയും ഇതില്‍ പങ്കെടുത്തിരുന്നു. ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു', എന്നായിരുന്നു ഇതിനെ സൂചിപ്പിച്ച് അഖിലേഷ് യാദവ് പറഞ്ഞത്. ഹിന്ദു വിശ്വാസ പ്രകാരം കാശി എന്ന് അറിയപ്പെടുന്ന ബനാറസില്‍വെച്ച് മരിക്കുന്നത് നല്ലതാണ്. ഇതിനെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഇതിനുള്ള മറുപടിയെന്നോണമാണ് പ്രധാനമന്ത്രി ഞായറാഴ്ച തന്റെ പ്രസംഗത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചത്. യു പിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് ഭീകരര്‍ യാതൊരു ഭയവുമില്ലാതെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം അദ്ദേഹം വാരാണസിയിലും ആവര്‍ത്തിച്ചു.

2014 മുതല്‍ പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ മാര്‍ച്ച് 7 നാണ് വോട്ടെടുപ്പ്. വാരാണസി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. വാരണാസി നോര്‍ത്ത്, വാരണാസി സൗത്ത്, വാരണാസി കന്റോണ്‍മെന്റ്, സേവാപുരി, രോഹാനിയ എന്നിവയാണ് അവ. ഇതില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്നാ ദള്‍ (സോനേലാല്‍) ഒരു സീറ്റും ബി ജെ പി ബാക്കി 4 സീറ്റും നേടി.












Click it and Unblock the Notifications