ആഗ്രയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ബിജെപി; സ്ഥാനാർത്ഥികളുടെ വോട്ടിൽ 4 ഇരട്ടി വർധന
ദില്ലി; ഉത്തർപ്രദേശിൽ ആഗ്രയിലെ മുസ്ലീം ഭൂപരിപക്ഷ മേഖലകളിലും ബി ജെ പി നേടിയത് വലിയ ഭൂരിപക്ഷം. ഇവിടങ്ങളിൽ ബി ജെ പി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ നാലിരട്ടി വർധനവാണ് ഉണ്ടായത്. മന്തോല, ധോലിഖർ, സദർഭട്ടി, കോട്വാലി, അസംപദ, നായ് കി മണ്ഡി, വസീർപുര, താജ്ഗഞ്ച് എന്നീ പ്രദേശങ്ങളിലെല്ലാം ബി ജെ പി തൂത്തുവാരി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സാഗിർ ഫാത്തിമ ഇന്റർ കോളേജ്, അൻവാരി നിലോഫർ ഇന്റർ കോളേജ്, ധോലിഖർ മേഖലയിലെ മാന്തോലയിലെ അഹമ്മദിയ ഹനീഫിയ ഇന്റർ കോളേജ് എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളിൽ ബിഎസ്‌പിക്കായിരുന്നു മുൻതൂക്കം. ഈ കണക്കുകളാണ് ഇത്തവണ ബി ജെ പി അട്ടിമറിച്ചത്.

അഹമ്മദിയ ഹനീഫിയ്യ സെന്ററിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6 ബൂത്തുകളിലായി 30 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ വോട്ട് 113 ആയി ഉയർന്നു.അതുപോലെ, സഗീർ ഫാത്തിമ ഇന്റർ കോളേജിലെ നാല് ബൂത്തുകളിൽ കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി യോഗേന്ദ്ര ഉപാധ്യായയ്ക്ക് ലഭിച്ചത് 14 വോട്ടുകളായിരുന്നു. എന്നാൽ ഇത്തവണ അത് 42 വോട്ടുകളായി ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യഥാക്രമം 1, 8, 12, 2, 3, 4 എന്നിങ്ങനെയാണ് ബൂത്തുകളിലെ വോട്ട് കണക്ക് എങ്കിൽ ഇത്തവണ അതേ ബൂത്തുകളിൽ 35, 40, 14, 8, 8, 8 വോട്ടുകളാണ് പാർട്ടി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.
2017ലെ തെരഞ്ഞെടുപ്പിൽ മന്തോല, ധോലിഖർ, സദർഭട്ടി ബൂത്തുകളിലെ മുസ്ലീം വോട്ടുകൾ ബി എസ് പിയായിരുന്നു തൂത്തുവാരിയത്. എന്നാൽ ഇത്തവണ ഈ വോട്ടുകൾ സമാജ്വാദി പാർട്ടിക്കൊപ്പം നിന്നു. കഴിഞ്ഞ തവണ ബിഎസ്പിക്ക് ഇവിടെ യഥാക്രമം 504, 447, 368, 385, 357 വോട്ടുകളായിരുന്നു ലഭിച്ചത്. ഇക്കുറി എസ് പി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ യഥാക്രമം 136, 465, 419, 426, 401, 401 എന്നിങ്ങനെയാണ്.
നേരത്തെ തെരഞ്ഞെടുപ്പിൽ ബിഎസ്പി ആധിപത്യം പുലർത്തിയിരുന്ന സാഗിർ ഫാത്തിമ പോളിംഗ് സ്റ്റേഷനിലും എസ് പിയാണ് മുന്നേറ്റം ഉണ്ടാക്കിയത്. 259, 382, 299, 325 വോട്ടുകളാണ് എസ്പി സ്ഥാനാർഥിക്ക് ഇത്തവണ ലഭിച്ചത്. 2017ൽ ഇതേ ബൂത്തുകളിൽ നിന്ന് 303, 401, 351, 371 വോട്ടുകളാണ് മായാവതിയുടെ പാർട്ടി നേടിയത്.
അതേസമയം ഉത്തർപ്രദേശിൽ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 8 ശതമാനം മുസ്ലീം വോട്ടുകൾ ബി ജെ പിക്കൊപ്പമായിരുന്നുവെന്നാണ് ലോക്നീതി-സി എസ് ഡി എസ് സർവ്വേ വ്യക്തമാക്കിയത്. സംസ്ഥാനത്തെ 20 ശതമാനം വോട്ടർമാരിൽ 79 ശതമാനവും പിന്തുണച്ചത് സമാജ്വാദി പാർട്ടിയെ ആണ് . എന്നാൽ 8 ശതമാനം പേരുടെ പിന്തുണ ബി ജെ പി നേടിയെന്ന് സർവ്വേ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ നടത്തിയ 'ഇന്ത്യയിലെ മതം, ജാതി, ദേശീയത, നിലപാടുകൾ' എന്ന സർവേയിലെ കണ്ടെത്തൽ. അതായത് അഞ്ച് മുസ്ലീങ്ങളിൽ ഒരാളുടെ വോട്ട് ബി ജെ പിക്ക് ലഭിച്ചുവെന്ന് വേണം വിലയിരുത്താൻ, ലോക്നീതി സർവ്വേയിൽ പറയുന്നു.
അതേസമയം ഇക്കുറി ബി ജെ പിയുടെ ഹിന്ദുവോട്ടുകളിൽ വർധനവ് ഉണ്ടായെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 2017 ൽ 47 ശതമാനമായിരുന്നു ബി ജെ പി നേടിയ ഹിന്ദു വോട്ടുകൾ. ഇത് 54 ശതമാനമായി ഉയർന്നു.












Click it and Unblock the Notifications