'രാഹുൽ ഗാന്ധിയുടെ പ്രവർത്തികൾ ആത്യന്തികമായി ബിജെപിക്കാണ് ഗുണം ചെയ്യുക'; യോഗി ആദിത്യനാഥ്
ലക്‌നൗ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാംപിൾ എന്നർത്ഥം വരുന്ന നമുന എന്ന വാക്ക് ഉപയോഗിച്ചാണ് യോഗി രാഹുലിനെ പരിഹസിച്ചത്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ആത്യന്തികമായി ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എഎൻഐ നടത്തിയ പോഡ്‌കാസ്‌റ്റിലാണ് യോഗി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാഹുൽ ഗാന്ധിയുടെ ഏറെ ജനപ്രീതി നേടിയ ഭാരത് ജോഡോ യാത്രയേയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയെ തകർക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ യാത്രയാണ് ഇതെന്നായിരുന്നു യോഗി ആദിത്യനാഥ് ആരോപിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നുവെന്നും രാജ്യം അദ്ദേഹത്തിന്റെ സ്വഭാവവും ഉദ്ദേശ്യങ്ങളും മനസിലാക്കി കഴിഞ്ഞെന്നും യോഗി ചൂണ്ടിക്കാട്ടി.

'ബിജെപിയെ സംബന്ധിച്ചിടത്തോളം, രാഹുൽ ഗാന്ധിയെപ്പോലുള്ള ഏതാനും മാതൃകകൾ ഉള്ളത് വ്യക്തവും സുഗമവുമായ ഒരു പാത ഉറപ്പാക്കുന്നു' എന്നായിരുന്നു യോഗി ഇതിനോട് കൂട്ടിച്ചേർത്തത്. രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് മനപൂർവം സെൻസിറ്റീവ് ആയ വിഷയങ്ങൾ നീട്ടിക്കൊണ്ടുപോകുകയാണെന്ന ആരോപണവും മുഖ്യമന്ത്രി വീണ്ടും ഉന്നയിച്ചു.
രാമക്ഷേത്ര തർക്കം, മുത്തലാഖ് നിയമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെ നിലപാട് ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് ദേശീയ പുരോഗതിയോടുള്ള കോൺഗ്രസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്‌തു. വിവിധ വിഷയങ്ങളിൽ കഴിഞ്ഞ കാലത്തായി കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ എടുത്തു പറഞ്ഞുകൊണ്ടേയിരുന്നു യോഗിയുടെ വിമർശനം.
'മുത്തലാഖ് കോൺഗ്രസ് നിർത്തലാക്കാത്തത് എന്തുകൊണ്ട്? കോൺഗ്രസ് എന്തുകൊണ്ടാണ് ഇത്രയധികം അഭിമാനത്തോടെയും ദൈവികതയോടെയുമുള്ള കുംഭമേളയെ പ്രോത്സാഹിപ്പിക്കാത്തത്? രാജ്യത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ആരോപിച്ചുകൊണ്ട് യോഗി ആദിത്യനാഥ് കോൺഗ്രസിനെതിരായ തന്റെ ആക്രമണം കൂടുതൽ ശക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം മാറ്റാൻ വേണ്ടി വിവാദ യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിൽ നിന്ന് കോൺഗ്രസ് ഫണ്ട് സ്വീകരിച്ചതായും അദ്ദേഹം ആരോപിച്ചു.
കൂടാതെ യുപിയിലെ മതസൗഹാർദ്ദത്തെ കുറിച്ചും യോഗി ആദിത്യനാഥ് മനസ് തുറന്നു. 'നൂറ് ഹിന്ദു കുടുംബങ്ങൾക്ക് ഇടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതമായിരിക്കും. അവർക്ക് എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ 100 മുസ്ലീം കുടുംബങ്ങൾക്ക് ഇടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയുമോ? ഇല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. ഇതിനുമുമ്പ്, പാകിസ്ഥാനും ഇതിന് ഉദാഹരണമായിരുന്നു'; എന്നായിരുന്നു യോഗിയുടെ വാക്കുകൾ.












Click it and Unblock the Notifications