കോൺഗ്രസ് ചോദിച്ചത് 131 സീറ്റുകൾ, എസ്പിയുടെ ഓഫർ വെറും 26, കോൺഗ്രസിൽ അമർഷം പുകയുന്നു
ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളിലെ സമാജ്വാദി പാര്‍ട്ടി നിലപാടില്‍ അമര്‍ഷവുമായി കോണ്‍ഗ്രസ്. 131 സീറ്റുകള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന് മുന്നില്‍ എസ്പി വെച്ചു നീട്ടിയിരിക്കുന്നത് 26 സീറ്റുകള്‍ മാത്രമാണ്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ആകെയുളളത് 403 സീറ്റുകളാണ്.
ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ തങ്ങള്‍ക്ക് 26 സീറ്റുകള്‍ മാത്രം എസ്പി നല്‍കാമെന്ന് പറയുന്നത് കോണ്‍ഗ്രസിനുളളില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ 131 സീറ്റുകള്‍ എന്ന ആവശ്യം 120ലേക്ക് കോണ്‍ഗ്രസ് ചുരുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
അത് കൂടാതെ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലുമായി ഒരു സീറ്റ് മാത്രമാണ് എസ്പി കോണ്‍ഗ്രസിന് നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടുളളത്. റായ്ബറേലിയിലും അമേഠിയിലുമായി ആകെ പത്ത് നിയമസഭാ മണ്ഡലങ്ങളാണ് ഉളളത്. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും 2024ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും കോണ്‍ഗ്രസ് ആണ്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മയും വിജയിച്ചു.

രണ്ടിടത്തുമായുളള പത്ത് സീറ്റുകളിലും തങ്ങള്‍ക് തന്നെ മത്സരിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആ സ്ഥാനത്ത് 1 സീറ്റ് മാത്രം നല്‍കാം എന്നുളള എസ്പി നിലപാടില്‍ കോണ്‍ഗ്രസ് വലിയ അതൃപ്തിയാണ് സീറ്റ് വിഭജന ചര്‍ച്ചയില്‍ രേഖപ്പെടുത്തിയിട്ടുളളത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം തങ്ങള്‍ക്ക് ഈ മേഖലയില്‍ കാഴ്ച വെക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് എസ്പി വാദിക്കുന്നത്.
മാത്രമല്ല റിബല്‍ എംഎല്‍എമാര്‍ മത്സരിച്ച് വിജയിച്ച ഉന്‍ചഹാറിലും ഗൗരിഗഞ്ചിലും ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിച്ച് വിജയിക്കണമെന്ന വാശിയും സമാജ്വാദി പാര്‍ട്ടി നേതൃത്വത്തിനുണ്ട്. 100ലധികം സീറ്റുകള്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് ഒരു ന്യായവും പറയാനില്ലെന്ന് എസ്പി ആരോപിക്കുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിലെ 30 സീറ്റുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലീഡുണ്ടായിരുന്നു എന്നതാണ് ഒരു ന്യായം. എന്നാല്‍ ബാക്കി 90 സീറ്റുകള്‍ ചോദിക്കാന്‍ എന്ത് ന്യായമാണ് ഉളളതെന്നാണ് എസ്പി നേതൃത്വത്തിന്റെ ചോദ്യം.
തങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന 26 സീറ്റുകളില്‍ 20 എണ്ണവും വലിയ വിജയ സാധ്യത ഉളള സീറ്റുകള്‍ ആണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ 60,000-70000 വോട്ടുകള്‍ വരെ നേടിയ സീറ്റുകള്‍ ആണെന്നും എസ്പി നേതൃത്വം വാദിക്കുന്നു. സീറ്റ് ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക എസ്പി പുറത്ത് വിട്ടു. 5 സ്ഥാനാര്‍ത്ഥികളെ ആണ് എസ്പി പ്രഖ്യാപിച്ചിരിക്കുന്നത്.
ബേഹതില്‍ ഉമര്‍ അലി ഖാന്‍, ഖൈരാനയില്‍ നാഹിദ് ഹസന്‍, ലതിത്പൂരില്‍ ജ്യോതി ലോധി, സഹാരന്‍പൂരില്‍ ആശു മാലിക്, അംരോഹയില്‍ മെഹ്ബൂബ് അലി എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ച സ്ഥാനാര്‍ത്ഥികള്‍. പ്രഖ്യാപനം നടന്ന രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട പട്ടികയില്‍ ഉളളവ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Click it and Unblock the Notifications
