പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം, ഡോ. കഫീൽ ഖാൻ അറസ്റ്റിൽ
ദില്ലി; പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ് പ്രത്യേക ദൗത്യ സംഘം മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 12ന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് നടപടി.
ഡിസംബർ 14ന് ഡോ. കഫീൽ ഖാനെതിരെ ഐപിസി 153-എ വകുപ്പ് പ്രകാരം അലിഗഢ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അലിഗഢ് സർവകലാശാലയിലെ അറുന്നൂറോളം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ കഫീൽ ഖാൻ മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഷഹീൻ ബാഗ് സമരത്തിന്റെ മാതൃകയിൽ മുംബൈയിൽ നടക്കുന്ന സ്ത്രീകളുടെ പ്രതിഷേധം നാലാം ദിവസത്തേയ്ക്ക് കടന്നു.
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബിആർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് സർക്കാർ കഫീൽ ഖാനെ ജയിലിൽ അടച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ9 മാസത്തെ ജയിൽ വാസവും രണ്ട് വർഷത്തെ സസ്പെൻഷനും ശേഷമാണ് കഫീൽ ഖാന് ക്ലിൻ ചിറ്റ് നൽകിയത്. ബിജെപി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് കഫീൽ ഖാൻ ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications