സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യുപി പൊലീസ്
സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യുപിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. സഹാരന്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ജഡ്ജിയുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി പൊലീസ് സംഘം രാവിലെ തന്നെ സര്‍ക്യൂട്ട് ഹൗസില്‍ എത്തിയിരുന്നു.
എന്നാല്‍ ഒവൈസി അവിടെ എത്തുമ്പോള്‍ ജഡ്ജി എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ഒവൈസിക്ക് ഔദ്യോഗിക സല്യൂട്ട് നല്‍കാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയപ്പോള്‍, ഒവൈസി എഴുന്നേറ്റുനിന്ന് ആ ആദരവ് സ്വീകരിക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്, സൂപ്രണ്ട് ഓഫ് പൊലീസ് (റൂറല്‍) വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി സഹാരന്‍പൂര്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 'അന്വേഷണത്തില്‍ ലഭിക്കുന്ന വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും,' എന്ന് പൊലീസ് വ്യക്തമാക്കി.
ആര്‍ക്കുവേണ്ടിയാണോ ഗാര്‍ഡ് ഓഫ് ഓണര്‍ ഒരുക്കിയത്, ആ വ്യക്തിയെ തിരിച്ചറിയുന്നതില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിക്കും. ഔദ്യോഗികമോ പ്രധാനപ്പെട്ടതോ ആയ അവസരങ്ങളില്‍, വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി പൊലീസ് അല്ലെങ്കില്‍ സൈനിക ഉദ്യോഗസ്ഥര്‍ അണിനിരന്ന് നല്‍കുന്ന ആദരസൂചകമായ സല്യൂട്ടിനെയാണ് 'ഗാര്‍ഡ് ഓഫ് ഓണര്‍' എന്ന്
വിളിക്കുന്നത്.
പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഒവൈസിയുടെ സര്‍ക്യൂട്ട് ഹൗസ് സന്ദര്‍ശനം അദ്ദേഹത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഭാഗമായിരുന്നില്ല. അദ്ദേഹം അപ്രതീക്ഷിതമായാണ് അവിടെ എത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ സര്‍ക്യൂട്ട് ഹൗസിലെത്തി ഒരു മുറിയില്‍ ഇരുന്നു. ഏകദേശം 20 മിനിറ്റിനുശേഷം, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒവൈസിയും അവിടെയെത്തി.
ഒവൈസിക്കൊപ്പമുണ്ടായിരുന്ന വലിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം സര്‍ക്യൂട്ട് ഹൗസിലുണ്ടായിരുന്ന പൊലീസുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. സുപ്രീം കോടതി ജഡ്ജിയാണ് എത്തിയതെന്ന് തെറ്റിദ്ധരിച്ച അവര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഒവൈസിക്ക് നല്‍കുകയായിരുന്നു അതേസമയം, സര്‍ക്യൂട്ട് ഹൗസില്‍ ഒവൈസിയും ചന്ദ്രശേഖറും ചേര്‍ന്ന് ഒരു സംയുക്ത പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ഈ പത്രസമ്മേളനം പെട്ടെന്ന് റദ്ദാക്കി. ഇതിനുപിന്നാലെ, ഇരു നേതാക്കളും സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് നേരിട്ട് കളക്ടറേറ്റിലേക്ക് പോവുകയും അവിടെ വെച്ച് ജില്ലാ മജിസ്ട്രേറ്റിനെ കാണുകയും ചെയ്തു. 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത വാര്‍ത്താസമ്മേളനം നടത്തുന്നതിനാണ് ഇരുവരും സഹാരന്‍പൂരിലെത്തിയത്.
2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരില്‍ ഒരു സംയുക്ത രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതായി ആസാദും ഒവൈസിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു





Click it and Unblock the Notifications
