'തെറ്റ് വരുത്തിയാൽ ഉത്തർ പ്രദേശ് കേരളമായി മാറും', വോട്ടർമാർക്ക് യോഗി ആദിത്യനാഥിന്റെ 'മുന്നറിയിപ്പ്'
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബെംഗാളോ ആയി മാറും എന്നാണ് യോഗിയുടെ മുന്നറിയിപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.
താന്‍ വോട്ട് ചോദിക്കാനല്ല വന്നത് എന്ന് 6 മിനുറ്റോളം വരുന്ന വീഡിയോയില്‍ യോഗി ആദിത്യനാഥ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അടിച്ചമര്‍ത്തിയ കലാപകാരികളൊക്കെ ഇപ്പോള്‍ അക്ഷമരായിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ 5 വര്‍ഷക്കാലം കേന്ദ്രത്തിലും സംസ്ഥാനത്തിലുമായുളള ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകള്‍ എല്ലാം ആത്മാര്‍ത്ഥമായി ചെയ്യുന്നുണ്ട്. ഇത് വലിയ തീരുമാനമെടുക്കാനുളള സമയമാണ്.

5 വര്‍ഷത്തിനുളളില്‍ പല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലേയും എല്ലാ വീടുകളിലേക്കും 24 മണിക്കൂര്‍ വൈദ്യതി എത്തിക്കാന്‍ സാധിച്ചു. ശുചിത്വത്തിന് വേണ്ടിയും സ്ത്രീകളുടെ അഭിമാനം പരിഗണിച്ചും കുളിമുറികള്‍ നിര്‍മ്മിച്ചു, വീടുകള്‍ നിര്‍മ്മിച്ചു. വീടുകളിലേക്ക് വെള്ളം എത്തിച്ചു. എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിച്ചു, യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വികസനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണ് എന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം ചെറുതാണ്.
കൊവിഡ് വന്നപ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ പോലും ദുരിതത്തിലായി. നമുക്ക് കൊവിഡിനോടും വിശപ്പിനോടും പൊരുതേണ്ടതായി വന്നു. ഒരാള്‍ പോലും വിശന്ന് ഉറങ്ങാന്‍ പാടില്ലെന്ന് താന്‍ തീരുമാനിച്ചു. കോടിക്കണക്കിന് ആളുകള്‍ക്ക് റേഷന്‍ നല്‍കി. ദൈവാനുഗ്രഹം കൊണ്ടും പ്രധാനമന്ത്രിയുടെ നേതൃത്വം കൊണ്ടും നമുക്കത് ചെയ്യാനായി എന്നും യോഗി പറഞ്ഞു. ജാതിയോ സമുദായമോ നോക്കാതെയാണ് താന്‍ എല്ലാ തീരുമാനങ്ങളും എടുത്തത്. തന്റെ ഭരണകാലത്ത് അഴിമതിയും കുറ്റകൃത്യങ്ങളും കലാപങ്ങളും കുറഞ്ഞുവെന്നും യോഗി അവകാശപ്പെട്ടു. താന്‍ യോഗിയാണ്, തന്റെ കാവി വസ്ത്രത്തില്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ല.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
പ്രതിപക്ഷ പാര്‍ട്ടികളെ കുറ്റപ്പെടുത്താനും യുപി മുഖ്യമന്ത്രി മറന്നില്ല. തന്റെ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുകള്‍ എല്ലാം മറികടന്നിരിക്കുകയാണ്. ഞാന്‍ നിങ്ങളോട് വോട്ട് ചോദിക്കാനല്ല വന്നത്, മറിച്ച് നിങ്ങള്‍ക്ക് വേണ്ടി ഇതൊന്നും ചെയ്യാത്ത മുന്‍കാല സര്‍ക്കാരുകള്‍ക്ക് വേണ്ടി ക്ഷമ ചോദിക്കാനാണ്. അവര്‍ സര്‍ക്കാരുണ്ടാക്കാനുളള ശ്രമത്തിലാണ് എന്നതാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അവര്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ 5 വര്‍ഷത്തെ തന്റെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോകും. കേരളമോ കശ്മീരോ ബെംഗളോ ആയി യുപി മാറുമെന്നും ഓരോ വോട്ടും നല്ല ഭാവിക്ക് വേണ്ടിയുളള ഉറപ്പാണെന്നും യോഗി പറഞ്ഞു.












Click it and Unblock the Notifications