നിശ്ചലമായി യുപിഐ സെര്‍വറുകള്‍, ഗൂഗിള്‍ പേ അടക്കം പ്രവര്‍ത്തിക്കുന്നില്ല, കാരണം ഇതാണ്
ദില്ലി: യുപിഐ സേവനങ്ങള്‍ ഇന്ന് രാജ്യത്താകെ തകരാറിലായി. മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസാണ് യുപിഐ, കഴിഞ്ഞ മൂന്ന് നാല് മണിക്കൂറോളമായി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇതിനെ തുടര്‍ന്ന് പലരും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകീട്ടോടെയാണ് പ്രവര്‍ത്തനം തകരാറിലായത്. ഗൂഗിള്‍ പേ, പേടിഎം, പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി.

യുപിഎ സര്‍വറുകള്‍ തകരാറിലാണെന്നും, ബാങ്കിടപാടുകള്‍ നടക്കുന്നില്ലെന്നും യൂസര്‍മാര്‍ പരാതി പറയുന്നുണ്ട്. അതേസമയം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ യുപിഐ സംവിധാനം നിശ്ചലമാണെന്നും ഐസിഐസിഐ ബാങ്ക് അറിയിപ്പ് നല്‍കിയിരുന്നതായും ടെക് റിവ്യൂവറായ നിതിന്‍ അഗര്‍വാള്‍ പറയുന്നു. മണി കണ്‍ട്രോളിനോടാണ് ഇയാളുടെ പ്രതികരണം. ഒരു മണിക്കൂറാണ് തകരാറിലായതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ നേരം നീണ്ടുനിന്നെന്ന് മറ്റ് ചിലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. അതേസമയം എന്താണ് യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളും വന്നിട്ടില്ല.
അതേസമയം യുപിഐ സേവനം പുനസ്ഥാപിച്ചതായി നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് തടസ്സപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് തടസ്സമുണ്ടായതെന്നും, ഉപയോക്താക്കള്‍ ക്ഷമിക്കണമെന്നും, പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും എന്‍പിസിഐ പറഞ്ഞു. ഇവര്‍ ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, സേവനങ്ങള്‍ തിരിച്ചുവന്നോ എന്ന് വ്യക്തമല്ല. ഇന്ത്യയിലെ യുപിഎ സേവനങ്ങള്‍ എന്‍പിസിഐയുടെ കീഴിലാണ്. എന്നാല്‍ ആപ്പുകളായ ഗൂഗിള്‍ പേയും പേടിഎം വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാണ്. അതുകൊണ്ട് ഇവര്‍ക്ക് പ്രശ്‌നമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications