ട്രംപ് വന്നതിന് ശേഷം യുഎസിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങി; ഒറ്റയടിക്ക് 51 ശതമാനം വർധന! എന്നിട്ടും?
ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രശ്‌നപരിഹാരം ഇപ്പോഴും അകലെയായിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട നിർണായക കണക്കുകൾ പുറത്ത്. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും യുഎസിൽ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇന്ത്യയിലേക്കുള്ള യുഎസ് എണ്ണയുടെ ഇറക്കുമതിയിൽ കാര്യമായ വർധന ഉണ്ടായെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ഊർജ്ജ സംഭരണ തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയാണ് ഈ കുതിപ്പ് പ്രതിനിധീകരിക്കുന്നത്, മുൻ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതി പകുതിയിലധികം വർധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും യുഎസും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ വ്യാപാരത്തിന്റെ വ്യാപ്‌തി വെളിപ്പെടുത്തുന്ന കണക്കുകൾ സർക്കാർ വൃത്തങ്ങൾ തന്നെയാണ് പങ്കുവച്ചത്.

നിലവിലെ തീരുവ ഭീഷണിയും റഷ്യൻ ക്രൂഡ് ഓയിലിന് എതിരായ നയവും ഒക്കെ ട്രംപ് പുറത്തെടുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ യുഎസുമായി എണ്ണ വ്യാപാരത്തിൽ കൃത്യമായ വർധനയ്ക്ക് തുടക്കമിട്ടിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ തീരുവ വിഷയത്തിൽ ഭിന്നത തുടരുന്ന സാഹചര്യത്തിൽ ഈ കണക്കുകൾക്ക് പ്രസക്തി ഏറെയാണ്.
ഇറക്കുമതിയുടെ കണക്കുകൾ ഇങ്ങനെ
ഈ വർഷം ജനുവരി മുതൽ ജൂൺ 25 വരെ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യ യുഎസ് ശരാശരി ക്രൂഡ് ഓയിൽ വിതരണത്തിന്റെ ഇറക്കുമതി 51 ശതമാനം വർധിപ്പിച്ചു. (2025 ജനുവരിയിൽ .271 mb/d യിൽ നിന്ന് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 0.18 mb/d വരെ). 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ഏപ്രിൽ-ജൂൺ പാദത്തിൽ 114 ശതമാനം കുത്തനെയുള്ള വർധനവ് കാണിക്കുമ്പോൾ ഇത് പ്രകടമാണ്.
'2025 ജൂണിനെ അപേക്ഷിച്ച് 2025 ജൂലൈയിൽ ഇന്ത്യ യുഎസിൽ നിന്ന് 23 ശതമാനം കൂടുതൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തു. ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയിൽ, യുഎസ് വിഹിതം 3 ശതമാനം മാത്രമായിരുന്നപ്പോൾ, ജൂലൈയിൽ അത് 8 ശതമാനമായി വർധിച്ചു. കൂടാതെ, സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ കമ്പനികൾ അവരുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 150 ശതമാനം വർധിപ്പിക്കും' റിപ്പോർട്ടുകൾ പറയുന്നു.
റഷ്യൻ എണ്ണയെ വിടാതെ ഇന്ത്യ
റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇനിയും തുടരാനാണ് ഇന്ത്യൻ കമ്പനികളുടെ തീരുമാനം. അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ് നയമെന്നാണ് സർക്കാർ പറയുന്നത്. ശേഖരം, ചരക്കുനീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നു.
ട്രംപിന്റെ തീരുവ ഭീഷണി
ഈ വർഷം മാത്രം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഗണ്യമായ വർധന വരുത്തിയിട്ടും റഷ്യയോടുള്ള കലിയടങ്ങാതെ ഇന്ത്യയെ ആയുധമാക്കാനാണ് യുഎസ് ശ്രമം. ഒറ്റയടിക്ക് 51 ശതമാനം വർധന എന്നത് ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ അത്ര ചെറിയ കാര്യമല്ല. എന്നിട്ടും റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഭീമമായ തീരുവ ചുമത്താനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമം.
നിലവിലെ സാഹചര്യത്തിൽ ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങാനുള്ള സാധ്യത വളരെ കുറവാണ്. മറുവശത്ത് റഷ്യ ആകയാൽ പ്രത്യേകിച്ചും. ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ എന്നതിലുപരി ഏത് ആപത് ഘട്ടത്തിലും ഇന്ത്യയ്ക്ക് തുണയാവുകയും കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കുകയും ചെയ്യുന്ന റഷ്യയ്ക്ക് നോ പറയുക ഇന്ത്യയ്ക്ക് അത്ര എളുപ്പമല്ല.












Click it and Unblock the Notifications