പ്രസിഡന്റാവുമെന്ന് ഉറപ്പായി, ട്രംപിനെ ഫോണിൽ വിളിച്ച് മോദി; 'ഈ 4 മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കും'
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയ ഡൊണാൾഡ് ട്രംപിനെ ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ ട്രംപിന്റെ വിജയത്തെ കുറിച്ചുള്ള ആദ്യ സൂചനകൾ വന്നപ്പോഴും മോദി ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രംപുമായി മോദി നേരിട്ട് സംസാരിച്ചത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്രംപിനെ ആദ്യമായി വിളിച്ച ലോക നേതാക്കളിൽ ഒരാൾ കൂടിയാണ് നരേന്ദ്ര മോദി എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നതാണ് ഈ സംഭവവികാസം. നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം എക്‌സ് പോസ്‌റ്റിലൂടെ പുറത്തുവിട്ടത്. അഭിനന്ദനം അറിയിക്കാൻ ട്രംപിനെ നേരിട്ട് വിളിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ സുഹൃത്ത് കൂടിയായ ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഗംഭീർ വിജയത്തിന് ആശംസകൾ. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി ട്വീറ്റിൽ വ്യക്തമാക്കി.
അതേസമയം, വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മോദിയുടെ നടപടിയോട് ഡൊണാൾഡ് ട്രംപ് ഏറെ ആഹ്ളാദത്തോടെയാണ് പ്രതികരിച്ചത്. ഇന്ത്യ ഒരു മനോഹരമായ രാജ്യമാണെന്നും മോദി ഒരു മഹാനായ മനുഷ്യനാണെന്നും ട്രംപ് പറഞ്ഞതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഡൊണാൾഡ് ട്രംപിന്റെ തിളക്കമാർന്ന വിജയത്തിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഭരണത്തലവൻമാർ ഉൾപ്പെടെ അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. മോദിക്ക് പുറമേ ജസ്‌റ്റിൻ ട്രൂഡോ, ജോർജിയ മേലോണി തുടങ്ങിയ ലോക നേതാക്കളും പ്രതികരണവുമായി രംഗത്ത് വന്നു. എന്നാൽ റഷ്യൻ പ്രസിഡന്റ് പുടിൻ മാത്രം ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രതീക്ഷിച്ചെങ്കിലും എതിർ സ്ഥാനാർത്ഥിയായ ഡെമോക്രാറ്റിക് നേതാവ് കമല ഹാരിസിനെക്കാൾ ബഹുദൂരം മുന്നിലാണ് ഡൊണാൾഡ് ട്രംപ്. സർവേകളെയും എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും ഒക്കെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം അവസരത്തിനായി യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്നത്.
ആദ്യ മണിക്കൂറുകളിൽ നേടിയെടുത്ത ലീഡ് അതേപടി തുടരാൻ ട്രംപിന് കഴിഞ്ഞിരുന്നു. നിലവിൽ മിഷിഗൺ കൂടി നേടിയതോടെ ആകെ ഭൂരിപക്ഷ നില 292 ആയി ഉയർന്നിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270 വോട്ടുകൾ മാത്രമാണെന്നിരിക്കെ ട്രംപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. കമല ഹാരിസിന് 224 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.












Click it and Unblock the Notifications