യോഗി നയിച്ചു; ബിജെപിക്ക് പുതിയ റെക്കോര്‍ഡുകള്‍... 2024ലേക്ക് എളുപ്പവഴി ഒരുങ്ങി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ തിരുത്തുന്നത് ഒട്ടേറെ ചരിത്രങ്ങളാണ്. അഞ്ച് വര്‍ഷം ഒരു പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച ശേഷം വീണ്ടും അധികാരത്തിലെത്തുന്നത് യുപിയില്‍ ഏറെ കാലത്തിന് ശേഷം ആദ്യമായിട്ടാണ്. ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം ഭരണം തികയ്ക്കുന്നതും യുപിയില്‍ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ. 2007ന് ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച് അധികാരത്തിലെത്തുന്ന ആദ്യ നേതാവാണ് യോഗി.

1951 മുതല്‍ 2007 വരെ യുപിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം അസ്ഥിരമായിരുന്നു. 2007ല്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ നേതൃത്വത്തിലാണ് വ്യക്തമായ ഭൂരിപക്ഷം നേടി ഒരു സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലെത്തിയത്. അവര്‍ അഞ്ച് വര്‍ഷം ഭരണത്തില്‍ തുടരുകയും ചെയ്തു. എന്നാല്‍ 2012ല്‍ മായാവതിക്ക് വീണ്ടും അധികാരം ലഭിച്ചില്ല. എസ്പി അധികാരം പിടിക്കുകയും അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുകയും ചെയ്തു. അഖിലേഷും അഞ്ച് വര്‍ഷം ഭരണം തികച്ചു. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അഖിലേഷിന് വീണ്ടും ഭരണം കിട്ടിയില്ല. 325 സീറ്റ് നേടി ബിജെപി അധികാരം പിടിച്ചു....

1

പാര്‍ലമെന്റംഗമായിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചു. ഇതോടെ യുപിയില്‍ ബിജെപിയുടെ മുഖം യോഗിയായി. ദേശീയ തലത്തിലും അദ്ദേഹം ബിജെപിയുടെ മുഖമായി മാറുകയാണിപ്പോള്‍. യുപിയില്‍ വീണ്ടും ബിജെപി അധികാരം പിടിക്കുമ്പോള്‍ തിളങ്ങുന്നത് യോഗി തന്നെ. 1967ന് ശേഷം തുടര്‍ച്ചയായി ഒരുപാര്‍ട്ടി അധികാരത്തിലെത്തുന്നതും യുപിയില്‍ ആദ്യമാണ്. നരേന്ദ്ര മോദിക്ക് ശേഷം ബിജെപിയെ ദേശീയ തലത്തില്‍ നയിക്കുക ആര് എന്ന ചോദ്യത്തിനും ഇതോടെ ഉത്തരമാകുകയാണ്. നോയിഡയില്‍ പദ്ധതി ഉദ്ഘാടനത്തിന് വന്ന മുഖ്യമന്ത്രിമാര്‍ വീണ്ടും യുപിയുടെ മുഖ്യമന്ത്രിയായി തിരിച്ചെത്തില്ല എന്നാണ് മറ്റൊരു ചൊല്ല്. അതിനും തിരുത്താകുകയാണ് യോഗി ആദിത്യനാഥ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നോയിഡയില്‍ പലതവണ യോഗി വന്നിരുന്നു.

2

അജയ് മോഹന്‍ ബിഷ്ട് എന്നാണ് യോഗി ആദിത്യനാഥിന്റെ യഥാര്‍ഥ പേര്. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഗോരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്നു. 2017ല്‍ ബിജെപി യുപിയില്‍ അധികാരത്തിലെത്തിയതോടെ യോഗി എംപി സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയാകുകയായിരുന്നു. ആദ്യമായി അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഇത്തവണയാണ്. ഗോരഖ്പൂരില്‍ മികച്ച ഭൂരിപക്ഷത്തിലേക്ക് കുതിച്ചിരിക്കുന്നു യോഗി. തീവ്ര ഹിന്ദു ദേശീയവാദ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ സ്ഥാപകനാണ് യോഗി. യുപിയില്‍ ബിജെപി വീണ്ടും ജയിച്ചതോടെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എളുപ്പവഴി ഒരുങ്ങുകയായി. യുപിയില്‍ ഭരണം നടത്തുന്നവര്‍ക്ക് കേന്ദ്രവും ഭരിക്കാമെന്നതാണ് കഴിഞ്ഞകാല ചരിത്രം. യുപിയില്‍ സര്‍ക്കാരുകള്‍ അസ്ഥിരമാകുന്ന വേളയില്‍ കേന്ദ്രത്തിലും അത് പ്രകടമാകാറുണ്ട്.

3

2017ല്‍ ബിജെപിക്കൊപ്പം അപ്‌ന ദള്‍, നിഷാദ് പാര്‍ട്ടി, എസ്ബിഎസ്പി എന്നീ കക്ഷികളുമുണ്ടായിരുന്നു. ഇത്തവണ എസ്ബിഎസ്പി അഖിലേഷ് യാദവിന്റെ എസ്പിക്കൊപ്പം സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. എന്നിട്ടും ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയേറ്റില്ല എന്നത് എടുത്തുപറയേണ്ടതാണ്. കൂടെയുണ്ടായിരുന്ന പാര്‍ട്ടി മറുകണ്ടം ചാടിയത് ബിജെപിക്ക് ക്ഷീണം ചെയ്തില്ല. യുപിയില്‍ യോഗി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് നേരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.

4

മാത്രമല്ല, ഗുണ്ടകളെ ഒതുക്കി, സുരക്ഷ വര്‍ധിപ്പിച്ചു എന്നതും യോഗിയുടെ ഭരണ നേട്ടമായി ബിജെപി നിരത്തുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിജെപിയെ നേരിട്ടിരുന്നത്. ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിരുന്നു യോഗി. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. സൗജന്യ റേഷന്‍, സൗജന്യ വാതക കണക്ഷന്‍ എന്നിവയും ബിജെപിക്ക് നേട്ടമായി. കഴിഞ്ഞ മാസങ്ങളില്‍ യുപിയില്‍ ഒട്ടേറെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എയിംസും പ്രഖ്യാപിച്ചു.

5

വിവാദങ്ങളുണ്ടായ മേഖലകളിലും ബിജെപിക്ക് മേല്‍ക്കൈ ലഭിച്ചു എന്നതാണ് പ്രതിപക്ഷ കക്ഷികളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തുന്നത്. ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖീംപൂര്‍ ഖേരിയില്‍ എട്ടില്‍ ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. ഹത്രാസ് ഉള്‍പ്പെടെ ബിജെപിക്കെതിരെ പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയ പ്രദേശങ്ങളിലും ബിജെപി തന്നെ മുന്നിട്ട് നില്‍ക്കുന്നു. എസ്പിക്ക് ഇത്തവണ സീറ്റ് കൂടി എന്നത് എടുത്തുപറയേണ്ടതാണ്. എന്നാല്‍ ബിഎസ്പിയും കോണ്‍ഗ്രസും ചിത്രത്തിലില്ലാതെ പോകുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു മാറ്റം. പ്രതിപക്ഷത്ത് ഐക്യമില്ലാത്തതും ബിജെപിക്ക് തുണയായി. കോണ്‍ഗ്രസും ബിഎസ്പിയും ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും മല്‍സരിച്ചതോടെ വോട്ടുകള്‍ ഭിന്നിച്ചതും ബിജെപിക്ക് വഴി എളുപ്പമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+