'ഭരണ തുടർച്ച ഉറപ്പാക്കും'; ഉത്തരാഖണ്ഡിൽ അധികാരം നിലനിർത്താൻ ബിജെപിയുടെ 'പ്ലാൻ ബി'
ദില്ലി; ഉത്തരാഖണ്ഡിൽ പതിവുകൾ തിരിത്ത് കുറിച്ച് ഇത്തവണയും ബി ജെ പി അധികാരത്തിലേറുമെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംദ് ധാമി ഉൾപ്പെടെ അവകാശപ്പെടുന്നത്. 70 അംഗ നിയമസഭയിൽ 60 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ നേതാക്കൾ പറയുന്നത്ര എളുപ്പമല്ല ഇത്തവണ സാഹചര്യം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 'പ്ലാൻ ബി' പയറ്റാൻ ഒരുങ്ങുകയാണ് നേതൃത്വം.

കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് പതിവ് തുടർന്നാണ് കോൺഗ്രസ് ആണ് അധികാരത്തിലേറുക. എന്നാൽ എന്ത് വിലകൊടുത്തും ഭരണ തുടർച്ചയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു പാർട്ടികളും സംസ്ഥാനത്ത് കാഴ്ച വെച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ശക്തരായ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണ ഉറപ്പാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഇതിനോടകം തന്നെ സ്വതന്ത്ര സ്ഥാനാർത്ഥികളുമായി പാർട്ടി നേതൃത്വം ചർച്ച ആരംഭിച്ചതായി നേതാക്കൾ പറയുന്നു. കുറഞ്ഞത് 5 സീറ്റിലെ സ്വതന്ത്രരെ നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ടത്രേ. യമുനോത്രി, കോട്വാർ, കേദാർനാഥ്, തെഹ്റി എന്നീ മണ്ഡലങ്ങളില സ്വതന്ത്രരിലാണ് ബി ജെ പി പ്രതീക്ഷ.

2012 ൽ ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് 32 സീറ്റുകൾ ആയിരുന്നു. ബി ജെ പിക്ക് 31 ഉം . എന്നാൽ മൂന്ന് സ്വതന്ത്ര എംഎൽഎമാരും രണ്ട് ബിഎസ്പി എംഎൽഎമാരും ഉത്തരാഖണ്ഡ് ക്രാന്തി ദളിൽ നിന്നുള്ള ഒരാളും അടങ്ങുന്ന ആറംഗ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സഹായത്തോടെ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.

കേവല ഭൂരിപക്ഷം നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ പാർട്ടി പ്ലാൻ ബി തയ്യാറാക്കിയിട്ടുണ്ട്, ബിജെപി നേതാവ് പറഞ്ഞു. ഇത്തവണ കുമോൺ മേഖലയിൽ സീറ്റുകൾ കുത്തനെ ഇടിയുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. 29 സീറ്റുകളാണ് മേഖലയിൽ ഉള്ളത്.

അതേസമയം തൂക്കുസഭ ഉണ്ടായാൽ ബി ജെ പിയെ ഭരണത്തിലേറുന്നത് തടയാനുള്ള തീവ്ര ശ്രമങ്ങളാണ് കോൺഗ്രസ് ക്യാമ്പിലും നടക്കുന്നത്. കോൺഗ്രസും സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണ തേടുന്നത്. എം എൽ എമാരെ ചാക്കിടാൻ ബി ജെ പി ശ്രമം നടത്തിയാൽ അത് തടയാൻ നേതാക്കളെ റിസോർട്ടിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ചർച്ചകളാണ് കോൺഗ്രസിൽ നടക്കുന്നത്.

എം എൽ എമാരെ ചാർട്ടഡ് വിമാനത്തിൽ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റാനാണ് നീക്കം. ഇത്തവണ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നാണ് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാദൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.

2017 ൽ 70 അംഗ നിയമസഭയിൽ 57 സീറ്റുകൾ ആയിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസിന് 11 സീറ്റുകളും. പുറത്തുവന്ന അഭിപ്രായ സർവ്വകളിൽ പലതും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ പ്രവചിച്ചത്. 62 ശതമാനമായിരുന്നു സംസ്ഥാനത്ത് ഇത്തവണ പോളിംഗ്.












Click it and Unblock the Notifications