ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 47 പേരെ രക്ഷപ്പെടുത്തി, ശേഷിക്കുന്നത് 8 പേർ, തീവ്ര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതുവരെ 47 പേരെയാണ് ആർമിയും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തത്.ഇനി 8 പേരാണ് കുടുങ്ങി കിടക്കുന്നത്. ഇവർക്കായി രണ്ടാം ദിനവും തീവ്രമായ രക്ഷാപ്രവർത്തനം തുടരുകയാണ്. 24 മണിക്കൂറോളമായി ഇവർ കുടുങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടുന്നത്.
രണ്ടാം ദിവസം തിരച്ചിൽ പുനരാരംഭിച്ച ഇന്ത്യൻ സൈന്യം 14 പേരെ കൂടി രക്ഷപ്പെടുത്തിയതായും ഗുരുതരാവസ്ഥയിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ സിവിൽ ഹെലികോപ്റ്ററുകളിൽ ജോഷിമഠിലേക്ക് കൊണ്ടുപോയതായും അറിയിച്ചു. ഇന്നത്തെ കാലാവസ്ഥയിൽ നേരിയ ആശ്വാസമുണ്ടെന്നാണ് സൈന്യം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ പെട്ടെന്ന് തന്നെ ശേഷിക്കുന്നവരെ കൂടി കണ്ടെത്താനാണ് ശ്രമം.

'കാലാവസ്ഥയിലെ നേരിയ ആശ്വാസത്തോടെ, പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ത്യൻ ആർമി വാടകയ്‌ക്കെടുത്ത സിവിൽ ഹെലികോപ്റ്ററുകൾ വഴി വൈദ്യസഹായത്തിനായി മനയിൽ നിന്ന് ജോഷിമഠിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികളുമായി സഹകരിച്ച് ലഭ്യമായ എല്ലാ ഉപകരണങ്ങളും ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്' സൈന്യം എക്‌സിലൂടെ അറിയിച്ചു.
കനത്ത മഞ്ഞുവീഴ്‌ചയ്ക്കും കൂടുതൽ ഹിമപാതങ്ങളുടെ ഭീഷണിക്കും ഇടയിൽ ശേഷിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയേറിയ കാര്യമായി മാറുകയിരുന്നു. ഇന്നലെ രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുക ആയിരുന്നു. ആദ്യ ദിനം അവസാനിച്ചപ്പോഴേക്കും 33 തൊഴിലാളികളെ രക്ഷപ്പെടുത്താൻ തിരച്ചിൽ സംഘത്തിന് കഴിഞ്ഞിരുന്നു.
ഹിമപാതമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ഏഴടിയോളം വരുന്ന മഞ്ഞാണ് ദൗത്യത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നതെന്ന് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ അറിയിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തിയിലെ അവസാന ഗ്രാമമായ മനയിൽ സൈനിക നീക്കം സുഗമമാക്കുന്നതിനായി മഞ്ഞ് നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന 55 തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
ശേഷിക്കുന്ന മൂന്ന് കണ്ടെയ്‌നറുകളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ സുനീൽ ബർട്ട്‌വാൾ പറഞ്ഞു. ബദരീനാഥിലെ മന ഗ്രാമത്തിന് സമീപമുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്.
അതിനിടെ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ധാമിയുമായി സംസാരിച്ചിരുന്നു. ശേഷിക്കുന്ന തൊഴിലാളികളെ വിജയകരമായി രക്ഷിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്‌മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കുടുങ്ങിയ തൊഴിലാളികളിൽ കൂടുതലും.












Click it and Unblock the Notifications