മന്ത്രിയെ പുറത്താക്കി പുഷ്‌കര്‍ ധമി, ഹരക് സിംഗ് കോണ്‍ഗ്രസിലേക്ക്, ഉത്തരാഖണ്ഡില്‍ വഴിത്തിരിവ്
ദില്ലി: ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ രാഷ്ട്രീയ ചിത്രത്തില്‍ വന്‍ മാറ്റം. ബിജെപിക്ക് പ്രമുഖനായ ഒരു മന്ത്രിയെ തന്നെ നഷ്ടമായിരിക്കുകയാണ്. ഹരക് സിംഗ് റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബിജെപിയുടെ വനം മന്ത്രിയാണ് ഹരക് സിംഗ് റാവത്ത്. കോട്ദ്വാറില്‍ നിന്നുള്ള എംഎല്‍എയാണ് ഹരക് സിംഗ്. ആറ് വര്‍ഷത്തേക്കാള്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ നേതൃത്വവുമായി ഇതിന് പിന്നാലെ ഇടഞ്ഞിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ അടുത്ത ദിവസം തന്നെ ഇയാള്‍ ചേരുമെന്നാണ് സൂചന.

ഹരക് സിംഗുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഹരീഷ് റാവത്താണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബിജെപിയില്‍ നിന്ന് പല പ്രമുഖരും റാവത്തിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ഹരക് സിംഗ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഹരീഷ് റാവത്തിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശനം ഉണ്ടാവുക. നേരത്തെ ഹരക് സിംഗിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഹരക് സിംഗ് നടത്തിയെന്നാണ് ധമി ആരോപിക്കുന്നത്. ഹരക് സിംഗിന്റെ ദില്ലി സന്ദര്‍ശനം നേരത്തെ പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായിരുന്നു.
ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു ഹരക് സിംഗ്. ഇത് സംസ്ഥാന നേതൃത്വത്തെ അടക്കം ചൊടിപ്പിച്ചിരുന്നു. ഇതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള നടപടിയെ കുറിച്ച് അറിയില്ലെന്ന് ഹരക് സിംഗ് പറഞ്ഞു. ഹരക് സിംഗിനൊപ്പം രണ്ട് ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ ചേരും. 2016ല്‍ അദ്ദേഹം കോണ്‍ഗ്രസിലായിരുന്നു. അന്ന് ഹരീഷ് റാവത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ പത്ത് എംഎല്‍എമാരില്‍ ഒരാളാണ് ഹരക് സിംഗ്. ഇവര്‍ ഒടുവില്‍ ബിജെപിയിലേക്ക് കൂറുമാറി പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരുന്നത് റാവത്തിന്റെ വലിയ പിന്തുണയോടെയാണ്.
അതേസമയം 50 സീറ്റില്‍ കോണ്‍ഗ്രസ് ഉറച്ച വിജയപ്രതീക്ഷയിലാണ്. ഈ സീറ്റില്‍ ഏകദേശം സ്ഥാനാര്‍ത്ഥികളെയും ഉറപ്പിച്ച് കഴിഞ്ഞു. 20 സീറ്റില്‍ ഇപ്പോഴും തര്‍ക്കം നടക്കുന്നുണ്ട്. റാവത്തിന്റെയും പ്രതിപക്ഷ നേതാവ് പ്രിതം സിംഗിന്റെയും ക്യാമ്പുകള്‍ വ്യത്യസ്ത സ്വഭാവത്തിലുള്ള നേതാക്കളെ ഇതില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണ്‍, റായ്പൂര്‍, ദോയ്വാല, റിഷികേഷ്, മസൂറി, സാഹസ്പൂര്‍ എന്നീ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. സാഹസ്പൂരില്‍ ആരേന്ദ്ര ശര്‍മ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. പ്രിതം സിംഗ് ക്യാമ്പിലെ നേതാവാണ് അദ്ദേഹം. എന്നാല്‍ യുവ നേതാവ് രാകേഷ് സിംഗ് നെഗി വന്നതോടെ ഈ ഫോര്‍മുല തന്നെ മാറിയിരിക്കുകയാണ്. ശക്തനായ നേതാവ് രാകേഷ് സിംഗ് നെഗി.












Click it and Unblock the Notifications