യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാൺപൂർ ജില്ലയിലെ ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാർ ദാസാണ് വിഷം കഴിച്ചത്. ഔദ്യോഗിക വസതിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു സുരേന്ദ്രദാസ്.
ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് സുരേന്ദ്രദാസിനെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് കാൺപൂർ റീജൻസി ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

പുലർച്ചെ ആറുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. രക്തസമ്മർദ്ദം വളരെ താഴ്ന്ന നിലയിലായി അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ജീവൻ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു.
ഈസ്റ്റ് കാൺപൂർ ജില്ലയിലെ പോലീസ് സൂപ്രണ്ടാണ് മുപ്പതുകാരനായ സുരേന്ദ്ര കുമാർ ദാസ്. ഒരു മാസം മുമ്പാണ് കാൺപൂരിലെത്തിയത്. ജില്ലയുടെ സ്വതന്ത്ര്യ ചുമതല നൽകിക്കൊണ്ടുള്ള ആദ്യ നിയമനമായിരുന്നു ഇത്. 2014 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സുരേന്ദ്രദാസ്.
വീട്ടിൽ നിന്നും ആത്മഹത്യാകുറുപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കുറച്ചു ദിവസങ്ങളായി അദ്ദേഹം അസ്യസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ചില കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. കീടനാശിനി കഴിച്ചാണ് സുരേന്ദ്രദാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.












Click it and Unblock the Notifications