വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍
ദില്ലി:മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവും ആയ അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയുമായുള്ള 32 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് കരുണ ശുക്‌ള കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് കരുണ ശുക്ളയുടെ പാര്‍ട്ടി മാറ്റം. രാജ്യസേവനം എന്ന മോദിയുടെ വാഗ്ദാനം വെറും അസത്യം മാത്രമാണെന്ന് കരുണ ശുക്ളആരോപിച്ചു.

ഒരു ഭര്‍ത്താവിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാത്ത ആള്‍, മുഖ്യമന്ത്രിയായിരിക്കെ രാജ്യ ധര്‍മം പാലിക്കാത്ത ആള്‍ എന്നൊക്കെയാണ് വാജ്‌പേയിയുടെ മരുമകള്‍ നരേന്ദ്ര മോദിയെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഒരാള്‍ രാജ്യധര്‍മത്തെക്കുറിച്ച് പറയുന്ന് വെറും അസത്യമാണെന്ന് താന്‍ പറയുമെന്ന് കരുണ ശുക്ളആവര്‍ത്തിച്ചു.
ഛത്തീസ്ഗഢിലെ മുതിര്‍ന്ന് ബിജെപി നേതാക്കളില്‍ ഒരാളാണ് കരുണ ശുക്ള. 1993 ല്‍ ബിജെപിയുടെ എംഎല്‍എ ആയിരുന്നു ഇവര്‍. പാര്‍ട്ടിയില്‍ കുറേ കാലമായി ഇവര്‍ മാറ്റി നിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് പറയുന്നു. ഇതോടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കരുണ ശുക്ള പരസ്യമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു. 2013 ഒക്ടോബര്‍ 25 നാണ് കരുണ ശുക്ള ബിജെപിയില്‍ നിന്ന് രാജിവച്ചത്. അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.












Click it and Unblock the Notifications