വന്ദേഭാരത് സ്ലീപര്‍ കേരളത്തിന് കിട്ടില്ല; സുരേഷ് ഗോപി പ്രഖ്യാപിച്ചത് വെറുതെ ആകുമോ? ബദല്‍ റൂട്ട് നിര്‍ദേശം
കേന്ദ്രമന്ത്രി സുരേഷ് ഗോപി അടുത്തിടെ പ്രഖ്യാപിച്ച കേരളത്തിലൂടെയുള്ള വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ നഷ്ടമാകുമോ? തമിഴ്‌നാട്ടില്‍ നിന്ന് ഇക്കാര്യത്തില്‍ പുതിയ ആവശ്യം ഉയരുകയാണ്. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് തമിഴ്‌നാട്ടിലെ സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചു. കേരളത്തിലൂടെയുള്ള യാത്ര സമയ നഷ്ടവും പണ നഷ്ടവും വരുന്നതാണ് എന്ന് ഇവര്‍ പറയുന്നു.
ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ച് എറണാകുളം, തിരുവനന്തപുരം വഴി നാഗര്‍കോവില്‍ വരെ പോകുന്ന വന്ദേഭാരത് സ്ലീപ്പര്‍ ആണ് പരിഗണനയില്‍ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 12 ആക്കി ഉയര്‍ത്തിയ ശേഷം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ഉയരുന്ന ആവശ്യം മറ്റൊന്നാണ്.

ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷനുകളാണ് റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കിയത്. കേരളത്തിലൂടെ സര്‍വീസ് നടത്തുന്നതിന് പകരം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തമിഴ്‌നാട്ടിലൂടെ തന്നെ നാഗര്‍കോവിലില്‍ അവസാനിപ്പിക്കുന്ന രീതിയില്‍ സര്‍വീസ് വേണം എന്നാണ് ഇവരുടെ ആവശ്യം. നിര്‍ദിഷ്ട ട്രെയിന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുമ്പോള്‍ 14 മണിക്കൂര്‍ വരെ സമയമെടുക്കുമെന്ന് എരണിയല്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ത്രി ടയര്‍ എസി കോച്ചിലെ യാത്രയ്ക്ക് 2335 രൂപ ടിക്കറ്റ് നിരക്ക് വരും. കന്യാകുമാരിയില്‍ നിന്നുള്ള യാത്രയ്ക്കാര്‍ക്ക് ഇത് ഗുണം ചെയ്യില്ലെന്നും കന്യാകുമാരി ഡിസ്ട്രിക്റ്റ് റെയില്‍വെ യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എഡ്വാര്‍ഡ് ജെനി പറയുന്നു. പകരം തമിഴ്‌നാട്ടിലൂടെ സര്‍വീസ് നടത്തിയാല്‍ എല്ലാ വെല്ലുവിളികളും പരിഹരിക്കാം. സമയവും ലാഭിക്കുമെന്നാണ് ഇവരുടെ വാദം.
തിരുനല്‍വേലി, മധുര, നാമക്കല്‍ വഴിയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത് എങ്കില്‍ ദൂരം 664 കിലോമീറ്റര്‍ ആയി ചുരുങ്ങും. 1690 രൂപ ടിക്കറ്റ് മതിയാകും. 9 മണിക്കൂറില്‍ സര്‍വീസ് അവസാനിപ്പിക്കാമെന്നും ജെനി പറയുന്നു. അതുകൊണ്ടുതന്നെ സ്ലീപ്പര്‍ ട്രെയിനിന് നിര്‍ദേശിക്കപ്പെട്ട റൂട്ട് 640 രൂപ ഓരോ യാത്രക്കാരനും അധിക ചെലവുണ്ടാക്കും. ഇത് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാകുമെന്നും ജെനി ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആവശ്യം റെയില്‍വെ മന്ത്രാലയം മുഖവിലക്കെടുത്താല്‍ കേരളത്തിന് തിരിച്ചടിയാകും. തിരുവനന്തപുരത്തിനും ബെംഗളൂരുവിനും ഇടയില്‍ വന്ദേഭാരത് സര്‍വീസ് വേണം എന്ന ഏറെ കാലമായുള്ള ആവശ്യം നടപ്പാക്കാന്‍ ഇനിയും സമയമെടുക്കുന്ന സാഹചര്യമാകും ഉണ്ടാകുക. അതേസമയം, ഗോവയില്‍ നിന്ന് മംഗളൂരു വരെ എത്തുന്ന വന്ദേഭാരത് ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യത്തിനെതിരെ കര്‍ണാടകയിലെ ചില രാഷ്ട്രീയ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.




Click it and Unblock the Notifications