എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടി; വെട്ടിലായി കോണ്‍ഗ്രസ്, വീഡിയോ കാണാം
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് നാടകീയരംഗങ്ങള്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണം എന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ എഐസിസി ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂര്‍ണമായും ആലപിക്കപ്പെട്ടതോടെ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. മൂവരും വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതില്‍ അതൃപ്തി അറിയിച്ചിരുന്നു.

ഇത് വകവെക്കാതെയാണ് വന്ദേഭാരതം മുഴുവനായും ആലപിച്ചിരിക്കുന്നത്. 1937ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ദേശീയ ഗീതമായി തിരഞ്ഞെടുത്തത്. വന്ദേമാതരം മുഴുവന്‍ വരികളും പാടണമെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരവുകളും വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
LIVE: Independence Day Flag Hoisting
— Mallikarjun Kharge (@kharge) August 15, 2026
📍AICC HQhttps://t.co/tUyvwLkOSS
വന്ദേമാതരം ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോഴും കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്ത് കൂടുതല്‍ വിഭജനത്തിന് വന്ദേമാതരം ബില്‍ കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം ആലാപനത്തില്‍ നിശിതമായ നിലപാട് സ്വീകരിച്ചതിനിടെയാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആദ്യ രണ്ട് സ്റ്റാന്‍സ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ ആണ് വന്ദേമാതരത്തിലുള്ളത്. ഇന്ത്യ ഒരു മതേതര രാജ്യമായതിനാല്‍ തന്നെ ഒരു മതവിഭാഗത്തെ മാത്രം പ്രകീര്‍ത്തിക്കുന്നത് ശരിയല്ല എന്നാണ് സ്വാതന്ത്ര്യത്തിനും മുന്‍പും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. ഇതാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്. അതേസമയം നേതാക്കള്‍ ഇടപെട്ടിട്ടും ഗായകര്‍ പാട്ട് നിര്‍ത്താന്‍ തയ്യാറായില്ല എന്നതും വിവാദമാകുന്നുണ്ട്.
എന്നാല്‍ സംഭവത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്നമില്ലെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതാണെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 1937ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും പാടുന്നത്.
അതേസമയം ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നു. ഇതാദ്യമായാണ് ചെങ്കോട്ടയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത്.





Click it and Unblock the Notifications