ഭാരത് ജോഡോ യാത്രയിലൂടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ?: രാഹുലിന്റെ മറുപടി നല്‍കുന്ന സൂചന
ദില്ലി: ഒന്നാം നരേന്ദ്ര മോദി സർക്കാറിന്റെ കാലം മുതല്‍ തന്നെ ബി ജെ പിയുടെ നയപരമായ പല തീരുമാനങ്ങളേയും വിമർശിച്ച് വരുന്ന നേതാവണ് വരുണ്‍ ഗാന്ധി. ഒരു ഘട്ടത്തില്‍ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ തന്നെയാണ് താൻ കോൺഗ്രസിനും പണ്ഡിറ്റ് നെഹ്‌റുവിനും എതിരല്ലെന്ന് പറയുന്ന വരുണ്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാനും തുടങ്ങിയത്. സഹോദരങ്ങളെ ഭിന്നിപ്പിക്കുകയും, സഹോദരങ്ങളെ കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയം നടക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ബഹുജനസമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയ്ക്കിടെ ചെങ്കോട്ടയ്ക്ക് സമീപം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും വരുൺ ഗാന്ധിയുടെ പരാമർശങ്ങളും തമ്മിൽ സാമ്യമുണ്ടെന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷകർ രംഗത്ത് വരുന്നത്. ഇതോടെ വരുൺ ഗാന്ധി ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങൾ പ്രചരിക്കാനും കാരണമായി.

കോൺഗ്രസിൽ വരുൺ ഗാന്ധിക്ക് സ്ഥാനമുണ്ടോയെന്ന് ശനിയാഴ്ച ഒരു മാധ്യമപ്രവർത്തകൻ രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോള്‍ അത് പാർട്ടി അധ്യക്ഷനോട് ചോദിക്കണമെന്നായിരുന്നു മുന്‍ അധ്യക്ഷന്റെ പ്രതികരണം.ജനുവരിയിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിൽ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് "സ്വഗത് തോ കിസി കാ ഭീ ഹേ, പക്ഷേ വോ ബി ജെ പി കെ ഹെ തോ ഉങ്ക വഹൻ പ്രശ്‌നം തോ ഹോഗാ. (എല്ലാവർക്കും സ്വാഗതം, പക്ഷേ അദ്ദേഹം ബി ജെ പിയിൽ പെട്ടയാളാണ്, അതിനാൽ അദ്ദേഹത്തിന് അവിടെ പ്രശ്‌നമുണ്ടാകും.)- എന്നായിരുന്നു രാഹുലിന്റെ മറുപടി.

പ്രതിപക്ഷ കക്ഷികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ 2024 ല്‍ ബി ജെ പിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി ജെ പിക്കെതിരെ ശക്തമായ അടിയൊഴുക്കുണ്ട്. പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് എനിക്കറിയാം. ആരൊക്കെ പങ്കെടുക്കുന്നു, വിട്ടുനിൽക്കുന്നു എന്നതിനെക്കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ലെന്നും രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും

ഇന്ത്യയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരുടെ മുന്നിലും യാത്രയുടെ വാതിലുകൾ തുറന്നുകിടക്കും. ആർക്കും യാത്രയിലേക്ക് കടന്ന് വരാം. അഖിലേഷ് യാദവും മായാവതിയും വിദ്വേഷത്തിനെതിരാണ്. യുപിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമായിരിക്കാം അഖിലേഷ് യാത്രയില്‍ പങ്കെടുക്കാത്തത്. രാജ്യത്തുടനീളം പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളു. പ്രാദേശിക കക്ഷികള്‍ക്ക് അതിനുള്ള ശേഷിയില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, വരുണ്‍ ഗാന്ധിയെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യത്തോട് മുന്‍ എ ഐ സി സി അധ്യക്ഷന്‍ പ്രതികരിച്ചില്ല. നേരത്തെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ ബി ജെ പിയെ ഏറെ പ്രതിരോധത്തിലാഴ്ത്തിയത് വിഷയത്തില്‍ വരുണ്‍ ഗാന്ധി നടത്തിയ പ്രതികരണം കൂടിയായിരുന്നു. കര്‍ഷകരെ കൊലപ്പെടുത്തി നിശബ്ദരാക്കാന്‍ ആവില്ലെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെ, ബി ജെ പി ദേശീയ സമിതി അംഗമായിരുന്ന വരുണ്‍ ഗാന്ധിയെ ഇത്തവണ പുന:സംഘടനയില്‍ ഒഴിവാക്കുകയും ചെയ്തു. അമ്മ മനേക ഗാന്ധിയേയും കുറച്ച് കാലമായി ബി ജെ പിയില്‍ അതൃപ്തയാണ്. ഇന്ദിര ഗാന്ധിയുടെ രണ്ടാമത്തെ മകനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവയാണ് മനേക ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് മനേകയും ഇന്ദിരയും തമ്മില്‍ അകലുന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന മനേക കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോവുകയായിരുന്നു.

1984 ല്‍, രജീവ് ഗാന്ധിയ്‌ക്കെതിരെ അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മനേക മത്സരിച്ചെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. അതിനിടെ രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1988 ല്‍ വിപി സിങ്ങിന്റെ ജനതാ ദളില്‍ ചേര്‍ന്നു, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. 89 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് വിജയവും നേടി. 2004 ല്‍ ആണ് മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഒന്നാം മോദി സർക്കാറിലും മനേക അംഗമായിരുന്നു.












Click it and Unblock the Notifications