വിജയ്‌യും ടിവികെയും തമിഴ്‌നാട്ടിൽ സ്വാധീനം ചെലുത്തും; പറഞ്ഞത് നിർമ്മല സീതാരാമൻ, ആരെ ബാധിക്കും?
ന്യൂഡൽഹി: തമിഴ് സൂപ്പർതാരവും രാഷ്ട്രീയക്കാരനുമായ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ എതിർത്തും അനുകൂലിച്ചും പലരും രംഗത്ത് വരുന്നുമുണ്ട്. ഇപ്പോഴിതാ ധനമന്ത്രി നിർമ്മല സീതാരാമനും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ടിവികെയെ കുറിച്ചുള്ള ധനമന്ത്രിയുടെ നിർണായക നിരീക്ഷണം.
വിജയിയുടെ പുതിയ പാർട്ടിയായ തമിഴ് വെട്രി കഴകം അഥവാ ടിവികെ വരാനിരിക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് അവർ പറഞ്ഞു. എന്നാൽ ടിവികെ ആരുടെ വോട്ടുകളെ എത്രത്തോളം ബാധിക്കുമെന്നത് രസകരമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമമായ എൻഡിടിവി സംഘടിപ്പിച്ച പ്രോഫിറ്റ് കോൺക്ലേവിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

'അദ്ദേഹം തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും. എത്രത്തോളം, ആരുടെ വോട്ടാണ് അദ്ദേഹം നേടുക എന്നത് കണ്ടറിയണം' എന്നായിരുന്നു നിർമ്മല സീതാരാമൻ പറഞ്ഞത്. 'പ്രത്യേകിച്ച് ഡിഎംകെയുടെ സ്ത്രീ വോട്ടർമാരെയാണോ ലക്ഷ്യം വെക്കുന്നത്? തമിഴ്‌നാട് രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ശക്തമായ ശബ്‌ദവും തീരുമാനമെടുക്കാൻ സുപ്രധാന പങ്കാളിത്തവുമുണ്ട്. അതിനാൽ, തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ രസകരമായ സമയമാണിത്' അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 41 പേരുടെ മരണത്തിനിടയാക്കിയ കരൂരിലെ തിക്കിലും തിരക്കിലും സിബിഐ അന്വേഷണം നേരിടുന്ന വിജയ്, ബിജെപിയെ തന്റെ പ്രത്യയശാസ്ത്രപരമായ ശത്രുവായും ഭരണകക്ഷിയായ ഡിഎംകെയെ രാഷ്ട്രീയ ശത്രുവായും വിശേഷിപ്പിച്ചിരുന്നു. 2024 ഫെബ്രുവരി 2-ന് ആരംഭിച്ച തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരഞ്ഞെടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നമായിരുന്നു അനുവദിച്ചത്.
അതിനിടെ ബിജെപിയുമായി ടിവികെ അടുക്കുമെന്നൊക്കെ ചില മാധ്യമങ്ങൾ വാർത്തകൾ നൽകിയെങ്കിലും അതിൽ കാര്യമില്ലെന്ന് പാർട്ടിയുമായി അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു. അതിന്റെ പ്രധാന കാരണമായി എല്ലാവരും വിലയിരുത്തുന്നത് രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തന്നെ ബിജെപിയുമായി വിജയ് ഒട്ടും രസത്തിൽ ആയിരുന്നില്ലെന്നതാണ്.
അതിനിടെ ബിജെപിയുമായി സഖ്യം പുനരുജ്ജീവിപ്പിച്ച എഐഎഡിഎംകെയുടെ ക്ഷണം ഉണ്ടായിട്ടും, ബിജെപിയുമായി നേരിട്ടോ അല്ലാതെയോ സഖ്യം ചേരില്ലെന്ന് വിജയ് പറഞ്ഞതോടെ ഇത് പൂർണമായി. എങ്കിലും നിർമ്മല സീതാരാമനെ പോലെ തമിഴ്‌നാട്ടിൽ നിന്ന് തന്നെയുള്ള നേതാവ് വിജയ് സ്വാധീനം ചെലുത്തുമെന്ന് പറയുമ്പോൾ അതിന് മറ്റൊരു മാനം നൽകും.
കോൺഗ്രസിനുള്ളിൽ ടിവികെയ്ക്ക് അനുകൂലമായ അഭിപ്രായങ്ങളുണ്ടായെങ്കിലും, തമിഴ്‌നാട്ടിൽ തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഡിഎംകെ മുന്നണിയുമായുള്ള സഖ്യം ദേശീയ പാർട്ടി തുടരുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇടയ്ക്ക് വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖറാണ് കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള വാതിലുകൾ തുറന്നിട്ടത്.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ടിവികെയുടെ തന്ത്രങ്ങൾ മെനയുന്നത് മുതിർന്ന രാഷ്ട്രീയക്കാരിൽ ഒരാളായ സെങ്കോട്ടയ്യനാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ വരും ദിനങ്ങളിൽ എന്ത് സർപ്രൈസ് തീരുമാനങ്ങൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രത്യേകിച്ച് എഐഎഡിഎംകെയിലെ അതൃപ്‌തരായ ആളുകളെ ഒപ്പം നിർത്താൻ ശ്രമം ടിവികെ നടത്തുന്ന സാഹചര്യത്തിൽ.












Click it and Unblock the Notifications