ഡിഎംകെയെ പാർട്ടി ഫണ്ട് വിഷയത്തിൽ കടന്നാക്രമിച്ച് വിജയ്; പിന്നാലെ കുടുംബജീവിതം ചൂണ്ടിക്കാട്ടി ഉദയനിധി
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും തമ്മിൽ രൂക്ഷമായ വാക്‌പോര്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ് സഭയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഡിഎംകെ എംഎൽഎമാർ നിരന്തരം തടസം സൃഷ്‌ടിച്ചതിനെ തുടർന്ന് ഇരുപക്ഷവും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. പിന്നീട് പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തു.
പ്രസംഗത്തിനിടെ ഡിഎംകെ പാർട്ടി ഫണ്ട് എന്ന പേരിൽ പണം പിരിച്ചെടുക്കുകയാണെന്ന് വിജയ് ആരോപിച്ചു. പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിച്ചെടുക്കുകയാണ് അവർ. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്ന രാഷ്ട്രീയം ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. പുറത്തുവരുന്ന ഓരോ അഴിമതിക്കേസും സമഗ്രമായി അന്വേഷിക്കും. അതിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ല; എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിഎംകെയുടെ മുൻനിര നേതാവ് എംകെ സ്‌റ്റാലിനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു കൈആംഗ്യവും വിജയ് സഭയിൽ അനുകരിച്ചതോടെ സഭയിലെ പ്രതിഷേധം കൂടുതൽ ശക്തമായി. ടിവികെ സർക്കാർ രൂപീകരിക്കുന്നതിനായി സെക്യുലർ പ്രോഗ്രസീവ് അലയൻസിലെ കക്ഷികളെ കുതിരക്കച്ചവടം നടത്തി സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്നുവെന്ന ഡിഎംകെയുടെ ആരോപണവും വിജയ് തള്ളി.
സിപിഎമ്മും മുസ്ലിം ലീഗും സ്വന്തം രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് പിന്തുണ നൽകിയതെന്നും അതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപാടുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ആദ്യമായാണ് ഭരണകക്ഷിയായ ടിവികെയും ഡിഎംകെയും ഇത്തരത്തിൽ നേർക്കുനേർ വരുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതും സഭയിൽ വിവാദമായി. 'ചെങ്കൽപട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിച്ച് നടക്കുന്ന ഭാര്യയുടെ കഥ തമിഴ്‌നാടിന് അറിയാം'എന്ന് ഉദയനിധി പരിഹസിച്ചു. കഴിഞ്ഞ ഡിസംബറിൽ വിജയിയുടെ ഭാര്യ സംഗീത ചെങ്കൽപട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്ന റിപ്പോർട്ടുകളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഈ പരാമർശം.
കൂടാതെ, കർഷകരുടെ സമരത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കർഷകരെ അപമാനിക്കുന്നതാണെന്നും ഉദയനിധി സ്‌റ്റാലിൻ ആരോപിച്ചു. 'താൻ ഒരു ചെറിയ കഥ പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് കർഷകരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. അതിനാൽ, വിജയ് ഇപ്പോഴെങ്കിലും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം' എന്നും അദ്ദേഹം സഭയിൽ കൂട്ടിച്ചേർത്തു.














Click it and Unblock the Notifications