സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങി വിജയ്; ആദ്യം ബന്ധപ്പെട്ടത് സിപിഎമ്മിനെ, കോൺഗ്രസും പിന്തുണച്ചേക്കും
ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ് ടിവികെ നേതാവും നടനുമായ വിജയ്. കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ പാർട്ടിക്ക്. ഈ പശ്ചാത്തലത്തിൽ, കോൺഗ്രസിന്റെയും സിപിഎം അടക്കമുള്ള ഡിഎംകെ സഖ്യകക്ഷികളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ സാഹചര്യത്തിൽ, കോൺഗ്രസ് അഞ്ച് സീറ്റുകളും വിസികെ, സിപിഐ(എം), സിപിഐ, ഡിഎംഡികെ, ഐയുഎംഎൽ എന്നിവ ഓരോ പാർട്ടിയും രണ്ട് സീറ്റുകൾ വീതവും നേടിയാണ് തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിച്ചത്. ഈ പത്ത് സീറ്റുകൾ നിർണായകമായതോടെ, ഈ പാർട്ടികളെല്ലാം ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

അതിനിടെ ടിവികെയുടെ മികച്ച പ്രകടനത്തിൽ വിജയയെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിന്തുണ വാഗ്‌ദാനം ചെയ്‌തതോടെയാണ് കാര്യങ്ങൾ ആരംഭിച്ചത്. ഈ ജനവിധി യുവജനങ്ങളുടെ ഉയർന്നു വരുന്ന ശബ്‌ദം വെളിപ്പെടുത്തുന്നു, അത് അവഗണിക്കാനാവില്ല' എന്നായിരുന്നു രാഹുൽ തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചത്.
എങ്കിലും, മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന എംകെ സ്റ്റാലിനുമായി നടത്തിയ ടെലിഫോൺ സംഭാഷണം രാഹുൽ തന്റെ എക്‌സ് പോസ്‌റ്റിൽ പരാമർശിച്ചില്ല. എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് തന്റെ സാമൂഹിക മാധ്യമ പോസ്‌റ്റിലൂടെ ഈ വിവരം പുറത്തുവിട്ടു. ഇത് മാത്രമാണ് നിലവിൽ ഒരു കല്ലുകടിയായി നിലനിൽക്കുന്നത്.
തിരഞ്ഞെടുപ്പിന് മുൻപ് ടിവികെയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിക്ക് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും, ഡിഎംകെ സഖ്യത്തിൽ തുടരാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം ഇതിന് തടസമാവുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്‌റ്റാലിനൊപ്പം രാഹുൽ വേദി പങ്കിടാതിരുന്നത് സഖ്യത്തിലെ ചില വിള്ളലുകൾ വെളിവാക്കിയിരുന്നു.
അതിനിടെ എഐഎഡിഎംകെയുടെയും ബിജെപിയുടെയും പിന്തുണ നേടുന്നതിൽ നിന്ന് വിജയയെ തടയാൻ കോൺഗ്രസ് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുമെന്ന് തന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
അതിനിടെ ഫലം വന്നയുടൻ തന്നെ ടിവികെ സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഇടത് പാർട്ടികൾക്ക് നാല് സീറ്റുകൾ ഉള്ള സാഹചര്യത്തിലാണ് ഇത്. ഇതിന് [പിന്നാലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചർച്ച ചെയ്യാനും ഭാവി നടപടികൾ തീരുമാനിക്കാനും ഉന്നതതല യോഗം വിളിച്ചുചേർത്തതായി സിപിഎം വൃത്തങ്ങൾ അറിയിച്ചു.
നാല് സീറ്റുകളുള്ള ഇടതുമുന്നണി വിജയയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംഡികെ., മുസ്ലീം ലീഗ്, വിസികെ എന്നിവയുടെ നിലപാടുകളിൽ ഇതുവരെ വ്യക്തതയില്ലെന്നാണ് സൂചന. ഡിഎംകെയിൽ സഖ്യ കക്ഷികൾ ആകെ 15 സീറ്റുകൾ നേടിയ സാഹചര്യത്തിൽ അവർ വിജയ്ക്ക് ഒപ്പം നിൽക്കാൻ സാധ്യത ഏറെയാണെന്നാണ് വിവരം. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
മറ്റൊരു സാധ്യത പിഎംകെ
ഈ രീതിയിൽ ഒരു സർക്കാർ രൂപീകരണത്തിന് സംഖ്യാപരമായി സാധ്യതയുണ്ടെങ്കിലും, രാഷ്ട്രീയമായി അത് സങ്കീർണ്ണമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് അഞ്ച് സീറ്റുകളും പട്ടാളി മക്കൾ കക്ഷിയിൽ (പിഎംകെ) നിന്ന് നാല് സീറ്റുകളും ഉൾപ്പെടെ ആവശ്യമായ ഒൻപത് സീറ്റുകൾ നേടാൻ സാധിക്കും. എന്നാൽ ഇത് നിലവിലെ രണ്ട് പ്രധാന സഖ്യങ്ങളെ ലംഘിക്കുന്നതിന് തുല്യമാകും.
കോൺഗ്രസ് ദ്രാവിഡ മുന്നേറ്റ കഴകവുമായും (ഡിഎംകെ) പിഎംകെയാകട്ടെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായും (എഐഎഡിഎംകെ) സഖ്യത്തിലാണ്. ഇങ്ങനെയൊരു സർക്കാരിന് തെറ്റുകൾക്ക് ഇടം തീരെ കുറവായിരിക്കും. അതിനാൽ, സഖ്യകക്ഷി ഭരണം, ആഭ്യന്തര കെട്ടുറപ്പ്, രാഷ്ട്രീയ അച്ചടക്കം എന്നിവ തുടക്കം മുതൽ നിർണായകമാണ്. ഈ രീതി സാധ്യമാവുമോ എന്നാണ് കണ്ടറിയേണ്ടത്.














Click it and Unblock the Notifications