കൈക്കൂലി വച്ചുപൊറുപ്പിക്കില്ലെന്ന് വിജയ്; പിന്നാലെ ടിവികെ പ്രവർത്തകന്റെ കൈക്കൂലി വീഡിയോ, നടപടി
ചെന്നൈ: അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് തലവേദനയായി ടിവികെ പ്രവർത്തകന്റെ കൈക്കൂലി വാർത്ത. ടിവികെ മാമ്പാക്കം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ചെംഗൽപട്ട് ഈസ്‌റ്റ് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി എൻ വീര എന്ന വീരസാമിയെ കൈക്കൂലി ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
പൊതുമരാമത്ത് കരാറുകാരനിൽ നിന്ന് വീരസാമി കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പാർട്ടി അടിയന്തര നടപടി സ്വീകരിച്ചത്. വിഷയത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് വീരസാമിയെ അറസ്‌റ്റ് ചെയ്‌തു. ചെംഗൽപട്ട് ജില്ലയിലെ തിരുപ്പോറൂർ നിയമസഭാ മണ്ഡലത്തിലെ മാമ്പാക്കത്ത് 9.8 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സിമന്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടതാണ് വിവാദം.

കരാറുകാരനായ നവീന്റെ ആരോപണമനുസരിച്ച്, ജോലികൾ പൂർത്തിയായിട്ടും ബില്ല് പാസാക്കാൻ വീരസാമി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ചർച്ചകൾക്ക് ഒടുവിൽ 1.30 ലക്ഷം കൈക്കൂലി നൽകാൻ ധാരണയായി. ഇതിൽ 50,000 വീതം രണ്ട് തവണയായി ആകെ 1 ലക്ഷം ഗൂഗിൾ പേ വഴി നവീൻ വീരസാമിക്ക് അയച്ചതായി പറയുന്നു.
ബാക്കി 30,000 വീരസാമിയുടെ ഓഫീസിൽ നേരിട്ട് പണമായി നൽകുകയും ചെയ്‌തിരുന്നു. ഇത് നവീൻ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. വൈറലായ വീഡിയോയിൽ വീരസാമി പണം വാങ്ങി അത് ഭാര്യയ്ക്ക് കൈമാറുന്നതായി കാണാം. എന്നാൽ കൈക്കൂലി വാങ്ങുന്ന വീഡിയോ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെ വീരസാമി അഴിമതി ആരോപണം നിഷേധിച്ചു.
'കരാറുകാരനായ നവീൻ മുമ്പ് എന്നിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇപ്പോൾ അത് തിരികെ നൽകിയതാണ്. സ്വന്തം ഓഫീസിലും സ്വന്തം ഗൂഗിൾ പേ അക്കൗണ്ടിലൂടെയും ആരെങ്കിലും കൈക്കൂലി വാങ്ങുമോ? എന്റെ പേരും ഞങ്ങളുടെ പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ വിജയിയുടെയും പേരും കളങ്കപ്പെടുത്താൻ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇത്' എന്നായിരുന്നു വീരസാമിയുടെ പ്രതികരണം.
എന്നാൽ ഈ വിശദീകരണം ടിവികെ നേതൃത്വം തള്ളി. ചെംഗൽപട്ട് ഈസ്‌റ്റ് ജില്ലാ സെക്രട്ടറി സിവി ദിനകരൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ വീരസാമിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും ഉടൻ പുറത്താക്കിയതായി അറിയിച്ചു. മുഖ്യമന്ത്രി വിജയ് അടുത്തിടെ നടത്തിയ പ്രസംഗത്തിൽ അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഉണ്ടായ ഈ സംഭവം ടിവികെയ്ക്ക് വലിയ തലവേദനയാവുകയാണ്.














Click it and Unblock the Notifications