തമിഴ്‌നാട്ടിൽ വെട്രി പയനം പദ്ധതി വിപുലീകരിച്ച് വിജയ്; 84 ലക്ഷം സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രയോജനപ്പെടും

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന വെട്രി പയനം പദ്ധതി വിപുലീകരിച്ചു. ചെന്നൈ കോയമ്പേട് ബസ് ടെർമിനലിൽ വെള്ളിയാഴ്‌ച രാവിലെ മുഖ്യമന്ത്രി വിജയ് തന്നെയാണ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്‌. ബസിനുള്ളിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്‌താണ് മുഖ്യമന്ത്രി വിപുലീകരിച്ച പദ്ധതിക്ക് തുടക്കം കുറിച്ചത്.

പുതിയ വിപുലീകരണത്തിലൂടെ സംസ്ഥാനത്ത് പ്രതിദിനം ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്. സംസ്ഥാനത്തെ ഏഴ് ഗതാഗത കോർപറേഷനുകൾ നടത്തുന്ന 18,413 ഷെഡ്യൂൾഡ് ബസുകളിൽ 12,692 ബസുകളാണ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സർവീസുകളുടെ ഏകദേശം 69 ശതമാനമാണിത്. ദിവസേന നടത്തുന്ന 1,94,649 ഷെഡ്യൂൾഡ് ട്രിപ്പുകളിൽ 1,65,312 ട്രിപ്പുകൾ, അതായത് ഏകദേശം 85 ശതമാനം സർവീസുകളും സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയിലാകും.

vijay

നഗരങ്ങളിലും നഗരപരിസരങ്ങളിലും സർവീസ് നടത്തുന്ന എക്‌സ്പ്രസ്, എൽഎസ്എസ്, ഡീലക്‌സ് ബസുകൾക്കും 40 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന സാധാരണ മോഫുസിൽ ബസുകൾക്കും ഘട്ട് സാധാരണ ബസുകൾക്കും പദ്ധതി ബാധകമാകും. നേരത്തെ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന സർവീസുകൾക്ക് പുറമെയാണ് ഈ ബസുകളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ പദ്ധതിയുടെ പരിധിയിൽ വരില്ല.

പദ്ധതി വിപുലീകരിക്കുന്നതിന് സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 6,000 കോടി രൂപ അധിക ചെലവ് വരുമെന്നാണ് കണക്ക്. നേരത്തെ ഡിഎംകെ സർക്കാർ ആരംഭിച്ച വിടിയൽ പയനം പദ്ധതിയിൽ നഗര, പട്ടണ മേഖലകളിലെ സാധാരണ ബസുകളിലും 40 കിലോമീറ്റർ വരെ ദൂരപരിധിയിൽ സർവീസ് നടത്തുന്ന മലനാട് സാധാരണ ബസുകളിലും മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. എക്‌സ്പ്രസ്, എൽഎസ്എസ്, ഡീലക്‌സ്, മോഫുസിൽ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നില്ല.

പദ്ധതിയുടെ ഭാഗമായി ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സൗജന്യമായി നടത്തുന്ന യാത്രകൾ രേഖപ്പെടുത്തുന്നതിനായി ഈ സംവിധാനങ്ങൾ ഏകീകരിച്ചു. സെപ്റ്റംബർ 27ന് പരിശോധനയും പരീക്ഷണ സർവീസുകളും പൂർത്തിയാക്കിയ ശേഷമാണ് പദ്ധതി വിപുലീകരിച്ചത്.

വീടുകളിൽ നിന്ന് ദൂരെയുള്ള കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കും ജോലിസ്ഥലങ്ങളിലേക്കും ആശുപത്രികളിലേക്കും മറ്റ് അവശ്യ സേവനങ്ങൾക്കുമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും കൂടുതൽ സൗജന്യ പൊതുഗതാഗത സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ വിപുലീകരണത്തിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ വിജയ് തമിഴൻ പാർത്തിബൻ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ ഇടങ്ങളിൽ എല്ലാം ഇതോടെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതികൾ നിലവിലുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനം എന്നതിലുപരി വിജയ് സർക്കാരിന്റെ പുതിയ നീക്കം തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് വളരെ അധികം ഗുണകരമാവുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma