വിജയ്ക്ക് അടുത്ത പണി, തിരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്‌തു; കാരണം ഈ പ്രസംഗം
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും സൂപ്പർതാരവുമായ വിജയ്‌ക്കെതിരെ പരാതിയുമായി വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ). പോലീസിലാണ് താരത്തിനെതിരെ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്നതാണ് വിസികെയുടെ പ്രധാന ആരോപണം. സമീപകാല പ്രസംഗത്തിലെ വിജയ്‌യുടെ ചില പരാമർശങ്ങളാണ് ഈ നീക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഈ മാസം 21-ാം തീയതി ചെന്നൈയിൽ നടന്ന വിജയ്‌യുടെ അവസാന റാലിക്ക് ശേഷമാണ് പരാതി ഉയർന്നത്. മാതാപിതാക്കളെ സ്വാധീനിക്കാൻ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്‌തിരുന്നു. ചോക്ലേറ്റ് പോലെ, ടിവികെയ്ക്ക് വോട്ട് ചെയ്യാൻ മാതാപിതാക്കളോട് കരഞ്ഞു നിർബന്ധിക്കാൻ വിജയ് ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു.

വിസികെ സന്നദ്ധ വിഭാഗം ജില്ലാ സംഘാടകനായ ബാലകൃഷ്‌ണനാണ് പരാതി നൽകിയത്. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച ഹർജിയിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിജയ് കുട്ടികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്‌തുവെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ അഞ്ചുവയസ്സുകാരൻ മകൻ വിജയ്‍യുടെ പ്രസംഗം കണ്ടുവെന്നും ബാലകൃഷ്‌ണൻ പറയുന്നു.
അതിനുശേഷം കുട്ടി വിജയ്ക്ക് വോട്ട് ചെയ്യാൻ അച്ഛനോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ, കുട്ടി വാശി പിടിക്കുകയും ഭക്ഷണം കഴിക്കാതെ വോട്ട് വിഷയത്തിൽ കരച്ചിൽ തുടരുകയും ചെയ്‌തതായി ആരോപണമുണ്ട്. "വിജയ് അങ്കിൾ" തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് കുട്ടി പറഞ്ഞത് തനിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയതായി പിതാവ് പറയുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിനായി കുട്ടികളുടെ മനസ്സിൽ പോലും ഇത്തരം ചിന്തകൾ കുത്തിവെക്കുന്നത് നിയമപരമായി ശിക്ഷാർഹമാണെന്ന് ഹർജിയിൽ വാദിക്കുന്നു. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വ്യവസ്ഥകൾ ഉദ്ധരിച്ച് ക്രിമിനൽ നടപടിയും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മാത്രമല്ല വിജയ്‌യുടെ പരാമർശങ്ങളെ രാഷ്ട്രീയമായി അപക്വമായ പ്രകോപനമായി കാണണമെന്ന് ബാലകൃഷ്‌ണൻ പോലീസിനോട് ആവശ്യപ്പെട്ടു. വിവാദ വീഡിയോ ക്ലിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കുട്ടികളെ ദുരുപയോഗം ചെയ്‌തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും അദ്ദേഹം കത്തെഴുതിയിട്ടുണ്ട്.
ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വിസികെ പ്രവർത്തകൻ മുന്നറിയിപ്പ് നൽകി. ഇത് പാർട്ടി വൈരാഗ്യമല്ല, കുട്ടികളുടെ അവകാശ പ്രശ്‌നമാണെന്ന് അദ്ദേഹം പറയുന്നു. കുട്ടികളെ രാഷ്ട്രീയ പ്രചാരണങ്ങളിൽ ഉൾപ്പെടുത്തുന്നത് അവരുടെ വൈകാരിക ക്ഷേമത്തെയും കുടുംബബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
അതേസമയം, 2024 ഫെബ്രുവരിയിൽ ആരംഭിച്ച വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടി, നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അടിത്തറ ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം. സാമൂഹിക നീതിയും ഭരണവും ലക്ഷ്യമിടുന്ന ടിവികെ ഇക്കുറി കാര്യമായ നേട്ടം ഉണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്.














Click it and Unblock the Notifications