ഇളയദളപതി കളം മാറ്റുന്നു, തമിഴക മുന്നേട്ര കഴകം ഉടനെത്തും? പാര്‍ട്ടിയുടെ അധ്യക്ഷനുമായി വിജയ്
ചെന്നൈ: തമിഴ്‌നാട്ടില്‍ കളം മാറ്റി കളിക്കാന്‍ ഇളയദളപതി വിജയ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ തിരക്കിലാണ്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടനുണ്ടാവും. വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ താരം നടത്തി കൊണ്ടിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമെന്നാണ് വിലയിരുത്തല്‍.
പുതിയ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചില്‍ സ്ഥിരമായി ഉണ്ടാവുന്ന രാഷ്ട്രീയ ധ്വനിയുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പുള്ള റിഹേഴ്‌സലായിട്ടാണ് വ്യാഖാനിക്കപ്പെടാറുള്ളത്. അതേസമയം പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റായി വിജയ് തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളിലാണെന്ന് പാര്‍ട്ടിയിലെ ഒരംഗം എന്‍ഡിടിവിയോട് പറഞ്ഞു. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന് മുമ്പ് ഇരുന്നൂറോളം ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഇതില്‍ വെച്ചാണ് ഇളയദളപതിയുടെ പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരെ നിയമിച്ചത്. കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം പാര്‍ട്ടിക്ക് പേരിടാനും, അതുപോലെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി വിജയിയെ യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് വിജയ് പാര്‍ട്ടി അംഗങ്ങളെ അറിയിച്ചിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടിയുടെ പേരും, കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴക മുന്നേട്ര കഴകം അഥവാ ടിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് അഭ്യൂഹം.
തമിഴ്‌നാട്ടില്‍ ഉടനീളം കരുത്തുണ്ട് വിജയിയുടെ ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കിന്.തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി വിജയ് നേരത്തെ ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്്ച നടത്തിയിരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം നല്‍കുന്ന ട്യൂഷന്‍ സെന്ററുകളും ഇവര്‍ ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതികളും ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തമിഴ്‌നാട്ടിലെ പാര്‍ട്ടികളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തരത്തില്‍ കഴകം എന്ന വാക്ക് പാര്‍ട്ടിയില്‍ എന്തായാലും ഉണ്ടാവുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുക. അതിന് മുമ്പ് ചെയ്യാനുള്ള സിനിമകളെല്ലാം തീര്‍ക്കാനായിരിക്കും വിജയിയുടെ ശ്രമം.
പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി ഓരോ മണ്ഡലത്തിലും പരിപാടികള്‍ നടത്തിയിരുന്നു വിജയ്. അംബേദ്കര്‍, പെരിയാര്‍, കാമരാജ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ചിരുന്നു വിജയ്.












Click it and Unblock the Notifications