മുഖ്യമന്ത്രിയായാലും മക്കൾക്ക് എന്നും അച്ഛൻ തന്നെ..; മകന്റെ ചിത്രം അഭിമാനത്തോടെ ഉയർത്തി പിടിച്ച് വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മധുരാന്തകത്ത് നടത്തിയ റോഡ് ഷോയ്ക്കിടെ ശ്രദ്ധേയമായ ഒരു നിമിഷത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്‌ച ജനക്കൂട്ടത്തിനിടെയുണ്ടായിരുന്ന ഒരു പ്രവർത്തകൻ അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയുടെ ചിത്രം ഫ്രെയിം ചെയ്‌ത് സമ്മാനിക്കുകയായിരുന്നു. ജേസൺ സഞ്ജയുടെ ആദ്യ ചിത്രമായ സിഗ്മ തിയേറ്ററുകളിലെത്തിയ ദിവസമായിരുന്നു ഇത്.
പ്രവർത്തകൻ നൽകിയ ഫ്രെയിം ചെയ്‌ത ചിത്രം വിജയ് ഏറ്റുവാങ്ങി. തുടർന്ന് ചിത്രം തലയ്ക്ക് മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ആവേശത്തോടെ നിന്ന ജനക്കൂട്ടത്തെ കാണിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മകന്റെ ചിത്രത്തിന്റെ ആദ്യദിന പ്രദർശനത്തിന് നേരിട്ട് എത്താൻ വിജയ്ക്ക് കഴിഞ്ഞില്ല. എന്നാൽ റോഡ് ഷോയ്ക്കിടെയുണ്ടായ ഈ പ്രതികരണം മകന്റെ സിനിമാ അരങ്ങേറ്റത്തിനുള്ള പിന്തുണ വ്യക്തമാക്കുന്നതായിരുന്നു.

അതേസമയം, ജേസൺ സഞ്ജയ് കുടുംബത്തോടൊപ്പം ചെന്നൈയിൽ ചിത്രത്തിന്റെ ആദ്യദിന ആദ്യ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. വിജയ്‌യുടെ അഭാവത്തിൽ തന്നെയാണ് കുടുംബം എത്തിയത്. അമ്മ സംഗീതയും സഹോദരി ദിവ്യയും അദ്ദേഹത്തോടൊപ്പം കമല സിനിമാസിൽ എത്തിയിരുന്നു. തന്റെ ആദ്യ സിനിമയുടെ റിലീസ് കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കുകയായിരുന്നു ജേസൺ.
സന്ദീപ് കിഷൻ നായകനാകുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സിഗ്മ. സംവിധായകനെന്ന നിലയിലാണ് ജേസൺ സഞ്ജയ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. അതുകൊണ്ട് തന്നെ ജേസന്റെ ആദ്യ സിനിമയ്ക്ക് സൂര്യ, കാർത്തി ഉൾപ്പെടെയുള്ള നിരവധി സിനിമാ താരങ്ങളും ആശംസകൾ നേർന്നിരുന്നു. മറ്റ് പ്രമുഖരും ആശംസകളുമായി എത്തിയിരുന്നു.
ഇത്രയൊക്കെ ആണെങ്കിലും തൃഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ വിജയ്‌യും മക്കളും തമ്മിൽ ഭിന്നതയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ സംഗീത വിവാഹ മോചനത്തിന് അപേക്ഷിക്കുകയും ചെയ്‌തു. ഇതോടെ അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്‌തു. എന്നാൽ ഇതിനോട് വിജയ്‌യോ കുടുംബമോ പരസ്യമായി പ്രതികരിച്ചിരുന്നില്ല.
അതിന് ശേഷമാണ് അടുത്തിടെ സംഗീത വിവാഹ മോചന ഹർജി പിൻവലിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള ഭിന്നതകൾ മറന്ന് കുടുംബം ഒന്നാവുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതൊന്നും സ്ഥിരീകരിച്ചിരുന്നില്ല. അതിനിടെ ലണ്ടൻ സന്ദർശനത്തിൽ വിജയ്‌ക്കൊപ്പം തൃഷയും പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും അഭ്യൂഹങ്ങൾക്ക് ജീവൻ വച്ചിരുന്നു. എന്നാൽ ജേസൺ തന്റെ പിതാവിനെ കുറിച്ച് അഭിമുഖങ്ങളിൽ പലവട്ടം വാചാലനായിരുന്നു.


Click it and Unblock the Notifications
