വിജയ് ഒരുങ്ങിത്തന്നെ, പ്രകടന പത്രിക വനിതാ ദിനത്തിൽ; ഓരോ വീട്ടിലും മോട്ടോർ സൈക്കിൾ, നല്ല ജോലി, വൻ വാഗ്‌ദാനങ്ങൾ
ചെന്നൈ: പ്രമുഖ നടനും രാഷ്ട്രീയനേതാവുമായ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക മാർച്ച് 8-ന്, അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറക്കും. ഇന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങളാണ് ഈ വിവരം അറിയിച്ചത്. ഒരു നടിയുമായുള്ള വിജയുടെ ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ പേരിൽ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ സാഹചര്യത്തിലും പാർട്ടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ശ്രദ്ധ തുടരുകയാണ് എന്നതാണ് പുതിയ നീക്കങ്ങൾ നൽകുന്ന സൂചന. പ്രകടനപത്രികയുടെ കാതൽ തൊഴിലാളി വർഗമായിരിക്കും. ഇതിൽ കർഷകർ, മത്സ്യത്തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ എന്നിവർക്ക് ഊന്നൽ നൽകും. 'തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക വിജയ് വനിതാ ദിനത്തിൽ (മാർച്ച് 8) പുറത്തിറക്കും' എന്നാണ് പാർട്ടി പ്രവർത്തകർ അറിയിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ തൊഴിൽ സമൂഹങ്ങളുടെയും പ്രതീക്ഷകൾ പത്രികയിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. കെജി അരുൺരാജ് നയിക്കുന്ന പ്രചാരണ ജനറൽ സെക്രട്ടറി സമിതി സംസ്ഥാനത്തിന്റെ അഞ്ച് മേഖലകളിൽ നടത്തിയ കൂടിയാലോചനകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയും പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രകടന പത്രിക വരുന്നത്. ഈ കരട് സമിതി നിലവിൽ അന്തിമ ചർച്ചകളിലാണ്.
തമിഴ്‌നാട്ടിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരു മോട്ടോർ സൈക്കിൾ, സ്ഥിരമായ വീട്, കൂടാതെ സ്ഥിരവരുമാനമുള്ള ഒരാൾ എന്നിവ ഉറപ്പാക്കുക. തൊഴിലവസരങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ യുവജനങ്ങളുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുക, സർക്കാർ ആശുപത്രികൾ ശക്തിപ്പെടുത്തുക, വ്യാവസായിക വളർച്ച, പ്രളയ ലഘൂകരണത്തിന് മുൻഗണന എന്നിവയും വിജയ് മുന്നോട്ട് വയ്ക്കുന്ന വാഗ്‌ദാനങ്ങളിൽ ഉൾപ്പെടുന്നു.
ക്ഷേമം, തൊഴിൽ, സാമൂഹ്യ സുരക്ഷ എന്നിവയിൽ ഊന്നിയ ഘടനാപരമായ രൂപരേഖയായിരിക്കും വരാനിരിക്കുന്ന പ്രകടനപത്രികയെന്ന് നേതാക്കൾ തന്നെ അറിയിക്കുന്നു. സംസ്ഥാനത്ത് ഒരു ബദൽ രാഷ്ട്രീയ ശക്തിയായി സ്വയം അടയാളപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ടിവികെ. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലെയും ജനങ്ങളെ ഒരുമിച്ച് നിർത്തുന്ന നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ ഈ പ്രകടന പത്രികയിൽ ഉണ്ടാവും.
നേരത്തെ തന്നെ സംസ്ഥാനത്ത് ഭരണകക്ഷിയായ ഡിഎംകെയ്ക്കും പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കും ബദലായി ഒരു മൂന്നാം കക്ഷിയായി ഉയർന്നുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടിവികെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തങ്ങളുടെ മുഖ്യ ശത്രുവായി ബിജെപിയേയും അവർ ഉയർത്തി കാട്ടിയിരുന്നു.
കുടുംബ ജീവിതത്തിലെ താളപ്പിഴ തിരിച്ചടിയോ?
അതിനിടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന ശേഷം അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജിയും അതിലെ ഗുരുതര ആരോപണങ്ങളും. വിജയ്ക്ക് മറ്റൊരു നടിയുമായി വർഷങ്ങളായി ബന്ധമുണ്ടെന്നും അതിലൂടെ തന്നെ വഞ്ചിച്ചുമെന്നുമൊക്കെയാണ് സംഗീത നൽകിയ വിവാഹ മോചന ഹർജിയിൽ വ്യക്തമാക്കുന്നത്.
ഇത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ്ക്ക് വലിയ രീതിയിൽ തിരിച്ചടിയാവും എന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ താരങ്ങളുടെ വ്യക്തി ജീവിതം പോലും അളക്കുന്ന സാഹചര്യം ഉള്ളതിനാൽ. നിലവിൽ ഇക്കാര്യത്തിൽ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുവശത്ത് ടിവികെ ആവട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.












Click it and Unblock the Notifications