വിജയ് ഒറ്റയ്ക്ക് വിസിൽ അടിക്കേണ്ട; ട്വിസ്‌റ്റുമായി ഡിഎംകെ-എഐഎഡിഎംകെ സഖ്യം വരുമോ? ഒടുവിൽ മറുപടി
ചെന്നൈ: തമിഴ്‌നാട്ടിൽ തൂക്കു നിയമസഭ നിലവിൽ വരുമെന്ന് ഉറപ്പായതോടെ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. അത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയിൽ ഒതുങ്ങുന്നില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഈ സവിശേഷ സാഹചര്യത്തിൽ, എഐഎഡിഎംകെ ഡിഎംകെയെ സമീപിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തങ്ങൾക്ക് പിന്തുണ നൽകണമെന്നായിരുന്നു എഐഎഡിഎംകെയുടെ ആവശ്യം.
എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ഈ നിർദേശം ഡിഎംകെ നേതൃത്വം തള്ളിക്കളഞ്ഞുവെന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ജനവിധിക്കെതിരെ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും പ്രതിപക്ഷത്ത് ഇരിക്കാനാണ് പാർട്ടി ഉറച്ച തീരുമാനമെടുത്തിരിക്കുന്നതെന്നും ഡിഎംകെ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഡിഎംകെ ലോക്‌സഭാ എംപി കലാനിധി വീരസ്വാമിയാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ടിവികെ സർക്കാർ രൂപീകരിക്കുന്നത് തടയാൻ എഐഎഡിഎംകെ പ്രവർത്തിക്കുകയാണെന്നും ഡിഎംകെ സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഇടം പോലും നൽകാതെയാണ് ഡിഎംകെയുടെ നിലപാട്.
'കോൺഗ്രസിന്റെ വഞ്ചന (ഒരുപക്ഷേ മറ്റ് സഖ്യകക്ഷികളുടെയും) ഉണ്ടായിരുന്നിട്ടും ഫലപ്രദമായ പ്രതിപക്ഷമായി പ്രവർത്തിക്കാൻ ഡിഎംകെ തീരുമാനിച്ചു. ടിവികെ സർക്കാർ രൂപീകരിക്കുന്നത് തടയാൻ എഡിഎംകെ ബിജെപിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണ്. ജനാധിപത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു' വീരസ്വാമി പറഞ്ഞു.
എന്നാൽ ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ടിവികെയെ ഭരണത്തിൽ എത്തുന്നത് തടയുമെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഭരണ പരിചയമില്ലാത്ത ടിവികെയെ അധികാരത്തിൽ എത്തുന്നത് തടയുക എന്നതാണ് ഇരു പാർട്ടികളുടെയും ലക്ഷ്യമെന്നും അതിനായി തമിഴ് രാഷ്ട്രീയത്തിലെ ചിരവൈരികൾ കൈകോർക്കുമെന്നും പല റിപ്പോർട്ടുകളും വരുന്നുണ്ട്.
അതേസമയം, തമിഴ്‌നാട്ടിൽ ടിവികെ നേതാവ് വിജയ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല എന്നതാണ് ഏറ്റവും പുതിയ വിവരം. അദ്ദേഹത്തിന് ഇതുവരെ കേവല ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും, സ്വതന്ത്രർ ഉൾപ്പെടെ മറ്റാരൊക്കെ വിജയ്‌യുടെ ടീമിനൊപ്പം ചേരുമെന്ന് ഇനിയും വ്യക്തമല്ല. രണ്ട് സീറ്റുകളിൽ വിജയിച്ച വിസികെ ഇന്ന് ചെന്നൈയിൽ യോഗം ചേർന്ന് തീരുമാനമെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, ആ യോഗം വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ഇടതു പാർട്ടികളും ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. മെയ് 8-ന് അവർ യോഗം ചേർന്ന് നിലപാട് വ്യക്തമാക്കും.












Click it and Unblock the Notifications