തമിഴ്‌നാട്ടിൽ മാത്രമല്ല പുതുച്ചേരിയിലും ഒറ്റയ്‌ക്കെന്ന് വിജയ്; ടിവികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, 30 പേർ
ചെന്നൈ: ഏറെ വിവാദങ്ങൾക്കും അതിലേറെ അഭ്യൂഹങ്ങൾക്കും ഒടുവിൽ അടുത്തിടെയാണ് തമിഴ്‌നാട്ടിൽ സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവുമായി ചർച്ച നടന്നുവെന്നും വമ്പൻ വാഗ്‌ദാനം മുന്നോട്ട് വച്ചുവെന്നും റിപ്പോർട്ടുകൾ വന്നെങ്കിലും അതൊക്കെയും തള്ളിക്കൊണ്ടായിരുന്നു ടിവികെയുടെ നീക്കം. ഇപ്പോഴിതാ പുതുച്ചേരിയിലും അത് ഊട്ടിയുറപ്പിക്കുകയാണ് ടിവികെ.
പുതുച്ചേരി നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായുള്ള 30 സ്ഥാനാർത്ഥികളുടെ പട്ടിക തമിഴക വെട്രി കഴകം പ്രഖ്യാപിച്ചതോടെയാണ് ഇത്. ഏപ്രിൽ 9-ന് വോട്ടെടുപ്പ്, മെയ് 4-ന് വോട്ടെണ്ണൽ എന്നിങ്ങനെയാണ് അവിടെ നടക്കുക. ടിവികെ പുതുച്ചേരിയിൽ ഒറ്റയ്ക്ക് മത്സരരംഗത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. 30 അംഗ നിയമസഭയുടെ കാലാവധി ജൂൺ 15നാണ് അവസാനിക്കുക.

അതേസമയം, ബിജെപിയും തങ്ങളുടെ ഒമ്പത് സ്ഥാനാർത്ഥികളുടെ പട്ടിക മാർച്ച് 21-ന് പുറത്തുവിട്ടിരുന്നു. ഓൾ ഇന്ത്യ എൻആർ കോൺഗ്രസുമായി സഖ്യത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മാർച്ച് 18-ന് യോഗം ചേർന്നിരുന്നു.
ബിജെപി പുറത്തിറക്കിയ പട്ടിക പ്രകാരം, എ നമശ്ശിവായം മണ്ണാടിപ്പേട്ടിൽ നിന്നും, ഇ തീപ്പൈന്തൻ ഔസ്സൂടു മണ്ഡലത്തിൽ നിന്നും, പിഎംഎൽ കല്യാണസുന്ദരം കലപ്പേട്ടിൽ നിന്നും, വിപി രാമലിംഗം രാജ് ഭവനിൽ നിന്നും, എ ജോൺകുമാർ മുതലിയാർപ്പേട്ടിൽ നിന്നും മത്സരിക്കും. എംബലം ആർ. സെൽവം മണവേലിയിലും, ജിഎൻഎസ് രാജശേഖരൻ തിരുനല്ലാറിലും, എ ദിനേശൻ മാഹിയിലും ബിജെപി സ്ഥാനാർത്ഥികളാണ്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ ഫലങ്ങളും ശ്രദ്ധേയമാണ്: 2021-ൽ എഐഎൻആർസി 10 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ഡിഎംകെ, ബിജെപി, കോൺഗ്രസ് എന്നിവയ്ക്ക് ആറു സീറ്റുകൾ വീതം ലഭിച്ചു. പോളിംഗ് 84.8 ശതമാനമായിരുന്നു. 2016-ൽ കോൺഗ്രസ് 15 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. അന്ന് എഐഎൻആർസി 8, എഐഎഡിഎംകെ 4, ഡിഎംകെ 2 സീറ്റുകളും നേടി. പോളിംഗ് ശതമാനം 83.6 ആയിരുന്നു.
അതിനിടെ പുതുച്ചേരിയിലെ ഒഴുക്കര മണ്ഡലത്തിൽ നിന്ന് 2021-ൽ വിജയിച്ച സ്വതന്ത്ര എംഎൽഎ എം ശിവശങ്കർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കോൺഗ്രസ് ചുമതലയുള്ള ഗിരീഷ് ചോദങ്കറിന്റെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്. ഇതോടെ കരുത്ത് വർധിപ്പിക്കാം എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
അതേസമയം, തമിഴ്‌നാട് പോലെ തന്നെ വിജയ്‌യുടെ ടിവികെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഇടങ്ങളിൽ ഒന്നാണ് പുതുച്ചേരിയും. ഇവിടെയും വിജയ് നേതൃത്വം നൽകുന്ന പാർട്ടിയുടെ കന്നിയങ്കമാണ് ഇക്കുറി നടക്കുന്നത്. ചെറിയ നിയമസഭയുള്ള പുതുച്ചേരിയിൽ വിജയ് വോട്ട് പിടിച്ചാൽ അത് തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.












Click it and Unblock the Notifications