വിജയ് യുകെയിലേക്ക് പറന്നത് വെറുതെയല്ല; കൂടെ പോരുന്നത് 12,300 കോടിയുടെ നിക്ഷേപം, 10,000 തൊഴിലവസരങ്ങളും
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ യുകെ സന്ദർശനത്തിനെ കുറിച്ചുള്ള വിവാദം മുറുകുന്നതിനിടെ ഈ വേളയിൽ തമിഴ്‌നാടിന് ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനങ്ങൾ ലഭിച്ചതായി സർക്കാർ അറിയിച്ചു. നിർമാണം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി ഏകദേശം 10,000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നടൻ അജിത് കുമാറിന്റെ ലെ മാൻസ് കപ്പ് മത്സരവുമായി ബന്ധപ്പെട്ട് സിൽവർസ്‌റ്റോൺ സർക്യൂട്ടിൽ വിജയെയും നടി തൃഷയെയും ഒരുമിച്ച് കാണിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ നാല് ദിവസത്തെ യുകെ സന്ദർശനത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് നിക്ഷേപ കരാറുകൾ പ്രഖ്യാപിച്ചത്.

ഏറ്റവും വലിയ നിക്ഷേപ വാഗ്‌ദാനം സാംവർധന മദേഴ്‌സൺ ഇന്റർനാഷണൽ ലിമിറ്റഡിൽ നിന്നാണ്. കമ്പനിയും യൂറോപ്പിലെയും യുകെയിലെയും സംയുക്ത സംരംഭ സ്ഥാപനങ്ങളും ഗൈഡൻസ് തമിഴ്‌നാടുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. അടുത്ത അഞ്ച് വർഷത്തിനിടെ തമിഴ്‌നാട്ടിൽ ഏകദേശം 11,000 കോടി രൂപ നിക്ഷേപിച്ച് സംയോജിത ഡിസൈൻ, എഞ്ചിനീയറിങ്, നിർമാണം, അസംബ്ലി, ലോജിസ്‌റ്റിക്‌സ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇതിലൂടെ ഏകദേശം 7,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. യുകെ ആസ്ഥാനമായുള്ള ഒരു ആഗോള കമ്മ്യൂണിക്കേഷൻസ് കമ്പനിയും ഗൈഡൻസ് തമിഴ്‌നാടുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംസ്ഥാനത്ത് ഒരു ഗ്ലോബൽ കാപബിലിറ്റി സെന്റർ സ്ഥാപിക്കുകയാണ് ലക്ഷ്യം. സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഏകദേശം 1000 കോടി രൂപ നിക്ഷേപിക്കുന്ന കേന്ദ്രത്തിൽ 2000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. ചെന്നൈയിലെ മൗണ്ട് പൂനമല്ലി റോഡിൽ പുതുതായി പ്രഖ്യാപിച്ച ജിസിസി കോറിഡോറിലായിരിക്കും കേന്ദ്രം സ്ഥാപിക്കുക. സ്വീഡൻ ആസ്ഥാനമായ സിഗ്മ ടെക്നോളജി ഗ്രൂപ്പ്, ഇന്ത്യൻ സ്ഥാപനമായ ശ്രീയ സൊല്യൂഷൻസ് വഴി ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾ വികസിപ്പിക്കുന്നതിനായി മറ്റൊരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എംബഡഡ് സിസ്റ്റംസ്, ഇലക്ട്രിഫിക്കേഷൻ, ഇൻഡസ്ട്രിയൽ ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിലായി ഏകദേശം 600 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
യുകെ ആസ്ഥാനമായ വിൽസൺ പവർ സൊല്യൂഷൻസ് തിരുവള്ളൂർ ജില്ലയിൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ 300 കോടി രൂപ നിക്ഷേപിക്കും.
ഇതിലൂടെ ഏകദേശം 400 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നും സംസ്ഥാനത്തെ ഇലക്ട്രിക്കൽ നിർമാണ മേഖല ശക്തിപ്പെടുമെന്നും സർക്കാർ അറിയിച്ചു. തമിഴ്‌നാടിന്റെ നിർമാണ, സാങ്കേതിക മേഖലകൾ കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്ന് വ്യവസായ മന്ത്രി എസ് കീർത്തന പറഞ്ഞു.
അതേസമയം, വിജയ്‌യുടെ യുകെ സന്ദർശനത്തിന്റെ ലക്ഷ്യവും യാത്രാപരിപാടികളും സംബന്ധിച്ച് എഐഎഡിഎംകെ, ബിജെപി, ഡിഎംകെ എന്നീ പാർട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായും സർക്കാർ പുറത്തുവിട്ട നിക്ഷേപ കണക്കുകൾ മാറി. നിക്ഷേപം ലക്ഷ്യമിട്ടുള്ള വിജയ്‌യുടെ യാത്രയെ ആദ്യം സ്വാഗതം ചെയ്‌തിരുന്ന എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി, സിൽവർസ്‌റ്റോൺ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ചിരുന്നു.
അതേസമയം, തമിഴ്‌നാട്ടിൽ നിർദേശിച്ചിട്ടുള്ള മോട്ടോർ സ്‌പോർട്‌സ് സിറ്റിയുമായി ബന്ധപ്പെട്ടാണ് സിൽവർസ്‌റ്റോൺ സന്ദർശനം നടന്നതെന്നാണ് റിപ്പോർട്ട്. സർക്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന രീതികളും സംഘം പഠിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് മുഖ്യമന്ത്രി വിജയ്‌യോ അദ്ദേഹത്തിന്റെ ടിവികെ പാർട്ടിയോ നേരിട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications
