വെടിനിർത്തൽ പ്രഖ്യാപനം നടത്തിയ വിക്രം മിസ്രിക്ക് നേരെ കടുത്ത സൈബർ ആക്രമണം; പിന്തുണയുമായി പ്രമുഖർ
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സംഘർഷഭരിതമായ സാഹചര്യങ്ങൾക്ക് ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതിന് പിന്നാലെ പല കോണുകളിൽ നിന്ന് കടുത്ത സൈബർ ആക്രമണത്തിന് വിധേയനായിരിക്കുകയാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി വെടിനിർത്തൽ ധാരണയിൽ എത്തിയെന്ന് പ്രഖ്യാപിച്ചത് വിക്രം മിസ്രി ആയിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജ്യസ്നേഹവും പ്രവർത്തനവും ചോദ്യം ചെയ്‌ത് ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ ഒന്നാകെ പൊട്ടിപ്പുറപ്പെട്ടത്. മിസ്രിയുടെ മക്കളുടെ പൗരത്വം ഉൾപ്പെട ചൂണ്ടിക്കാട്ടിയും കുടുംബത്തെ അടക്കം വലിച്ചിഴച്ചും ആയിരുന്നു കൂടുതൽ വിമർശനങ്ങളും. എന്നാൽ സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് വരികയാണ് ഇപ്പോൾ.

കടുത്ത സൈബർ ആക്രമണമാണ് മിസ്രിക്ക് നേരെ കഴിഞ്ഞ മണിക്കൂറുകളിൽ പല കേന്ദ്രങ്ങളിൽ നിന്നായി ഉയർന്നുവന്നത്. രാജ്യദ്രോഹി, ദേശദ്രോഹി തുടങ്ങിയ അധിക്ഷേപകരമായ വാക്കുകൾ അദ്ദേഹത്തിനെതിരെ പ്രയോഗിക്കുന്നതിനും സോഷ്യൽ മീഡിയ സാക്ഷിയായി. ചില പോസ്‌റ്റുകൾ അദ്ദേഹത്തിന്റെ പെൺമക്കളുടെ പൗരത്വത്തെ പോലും ചെയ്യുന്നവയായിരുന്നു എന്നതാണ് ദുഖകരമായ വസ്‌തുത. ഇതോടെയാണ് അദ്ദേഹത്തിന് പിന്തുണയേറുന്നത്.
വിക്രം മിശ്രിയെ സംരക്ഷിക്കാത്തതിന് കേന്ദ്രത്തെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി, അദ്ദേഹം വെറും സന്ദേശവാഹകൻ മാത്രമാണെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി. സർക്കാരാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്, അല്ലാതെ ഉദ്യോഗസ്ഥർ വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങൾ അല്ലെന്നും അദ്ദേഹം എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
എന്തിനാണ് വിക്രം മിസ്രിയെ ആളുകൾ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നായിരുന്നു കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞത്. 'വിക്രം മിസ്രി നന്നായി ജോലി ചെയ്‌തുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്, മണിക്കൂറുകളോളം പ്രവർത്തിച്ചിട്ടുണ്ട്. ആരാണ് കളിയാക്കുന്നത് എനിക്കറിയില്ല. ഈ പറയുന്ന ആളുകൾക്ക് ഇതിലും നന്നായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നോ? എന്നായിരുന്നു തരൂരിന്റെ ചോദ്യം.
മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോൻ റാവുവും ഇതിനെതിരെ രംഗത്ത് വന്നു. ഓൺലൈൻ വഴിയുള്ള ഈ തെറ്റായ പ്രവണതകളെ തികച്ചും ലജ്ജാകരമാമെന്നായിരുന്നു അവർ വിശേഷിപ്പിച്ചത്. സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണ് ഇക്കാര്യമെന്നും അവർ ചൂണ്ടിക്കാട്ടി. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അവരുടെ പ്രതികരണം.
'ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന്റെ പേരിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയെയും കുടുംബത്തെയും പരിഹസിക്കുന്നത് തികച്ചും ലജ്ജാകരമാണ്. സമർപ്പിത നയതന്ത്രജ്ഞനായ മിശ്ര, പ്രൊഫഷണലിസത്തോടും ദൃഢനിശ്ചയത്തോടും കൂടി ഇന്ത്യയെ സേവിച്ചു, അദ്ദേഹത്തിനെതിരായ അധിക്ഷേപത്തിന് ഒരു അടിസ്ഥാനവുമില്ല' എന്നായിരുന്നു നിരുപമ റാവു കുറിച്ചത്.
മിസ്രിക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി, കേന്ദ്രം എടുത്ത ഒരു തീരുമാനം അറിയിച്ചതിന്റെ പേരിൽ അദ്ദേഹത്തെപ്പോലുള്ള സത്യസന്ധനും കഠിനാധ്വാനിയുമായ ഒരു ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ടു.
'നമ്മുടെ രാജ്യത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന മാന്യനും, സത്യസന്ധനും, കഠിനാധ്വാനിയുമായ ഒരു നയതന്ത്രജ്ഞനാണ് വിക്രം മിസ്രി. നമ്മുടെ സിവിൽ സർവീസുകാർ എക്‌സിക്യൂട്ടീവിന് കീഴിലാണ് ജോലി ചെയ്യുന്നത് എന്നത് ഓർമ്മിക്കേണ്ടതാണ്, ഭരണ നേതൃത്വമോ അല്ലെങ്കിൽ അതിന്റെ തലപ്പത്തിരിക്കുന്ന രാഷ്ട്രീയ നേതൃത്വമോ എടുക്കുന്ന തീരുമാനങ്ങൾക്ക് അവരെ കുറ്റപ്പെടുത്തരുത്' ഒവൈസി വ്യക്തമാക്കി.
അതേസമയം, നാല് ദിവസത്തെ തീവ്രമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി നിർത്തിവയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശനിയാഴ്‌ചയാണ് ധാരണയിലെത്തിയത്. ഒരുഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ പൂർണ തോതിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിയ ശേഷമായിരുന്നു ഈ സന്ധി ഉരുത്തിരിഞ്ഞത്. ഇതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉൾപ്പെടെ ആശ്വാസത്തിലാണ്.












Click it and Unblock the Notifications