കോലി കളിച്ചുനേടിയത് ഇത്രയധികമോ..! ഹോട്ടലും ജിമ്മും ഐഎസ്എൽ ടീമിലും നിക്ഷേപം, ആസ്‌തി എത്ര?
ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ പേര് എടുത്താൽ അതിൽ ആദ്യം വരുന്നയാളായിരിക്കും സച്ചിൻ ടെണ്ടുൽക്കർ. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിന് ശേഷം ആരെന്ന ചോദ്യത്തിന് ലഭിച്ച ഉത്തരമായിരുന്നു വിരാട് കോലി. ഡൽഹിയിൽ നിന്നും ക്രിക്കറ്റ് കളിച്ചുവളർന്ന പയ്യൻ ലോക വേദികൾ കീഴടക്കിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അത് വലിയ ആവേശമായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ അധികമായി അവർ കോലിയെ ആരാധിക്കാൻ തുടങ്ങിയിട്ട്.
എന്നാൽ സച്ചിനെയോ ലാറയെയോ എന്തിന് സമകാലികാരികരായ ജോ റൂട്ടിനെയോ സ്‌റ്റീവ് സ്‌മിത്തിനെയോ പോലെ തിളങ്ങാൻ ടെസ്‌റ്റിൽ കോലിക്ക് കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. ഏകദിനത്തിലും ടി20യിലും വിരാട് കോലി രാജാവാണ്, ആരാധകർ ചാർത്തിക്കൊടുത്ത കിംഗ് എന്ന പേരിന് എന്തുകൊണ്ടും അർഹനായിരുന്നു. എന്നാൽ ലോംഗ് ഫോർമാറ്റിൽ കോലിക്ക് എവിടയൊക്കെയോ പിഴച്ചുവെന്നത് തർക്കമില്ലാത്ത കാര്യമായിരുന്നു.

ടെസ്‌റ്റിൽ രാജാവാകാൻ വന്ന കോലിക്ക് രാജകുമാരൻ മാത്രമാവാനേ കഴിഞ്ഞുള്ളു. അങ്ങനെ ഒന്നര പതിറ്റാണ്ടിന് ശേഷം കോലി ഇപ്പോൾ ടെസ്‌റ്റിൽ നിന്ന് പാഡ് അഴിച്ചിരിക്കുകയാണ്. നേരത്തെ ടി20യിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി വൈകാതെ ഏകദിനത്തിൽ നിന്ന് കൂടി കോലി വിരമിക്കുമ്പോൾ ആ യുഗം അവസാനിക്കും.
ഇപ്പോഴിതാ കോലിയുടെ വിരമിക്കലിനു പിന്നാലെ കൂടുതൽ പേരും ചോദിക്കുന്നതും അറിയാൻ ആഗ്രഹിക്കുന്നതും അദ്ദേഹത്തിന്റെ ആസ്‌തി, ശമ്പളം എന്നിവയെ കുറിച്ചാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര നടക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായി രോഹിതും പിന്നാലെ കോലിയും വിരമിച്ചതിന്റെ ഞെട്ടലിൽ നിൽക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.
കോലിയുടെ പ്രാഥമിക വരുമാനം
ബിസിസിഐ എ+ സെൻട്രൽ കരാറിൽ നിന്നാണ് കോലിയുടെ പ്രാഥമിക വരുമാനം. മാച്ച് ഫീസിന് പുറമേ (ടെസ്‌റ്റുകൾക്ക് 15 ലക്ഷം രൂപ, ഏകദിനങ്ങൾക്ക് 6 ലക്ഷം രൂപ, ടി20കൾക്ക് 3 ലക്ഷം രൂപ) പ്രതിവർഷം 7 കോടി രൂപ ഈ കരാറിൽ നിന്ന് ലഭിക്കും. അതിന് പുറമേ 2008 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർസിബി) പ്രതിനിധീകരിച്ച് ഐപിഎല്ലിൽ അദ്ദേഹം കളിക്കുന്നുണ്ട്. ഇതിൽ നിന്ന് കോലി നേടിയത് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ്.
കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന്റെ ഐപിഎൽ ശമ്പളം കുത്തനെ ഉയർന്നിരുന്നു. 2008ലെ 12 ലക്ഷം രൂപയിൽ നിന്ന് 2018 മുതൽ 2021 വരെ പ്രതിവർഷം 17 കോടി രൂപയായി റെക്കോർഡ് തന്റെ ഭേദിച്ചു. 2025ൽ അദ്ദേഹം ഇപ്പോൾ 21 കോടി രൂപ കൈപ്പറ്റുന്നുവെന്നാണ് ലഭ്യമായ വിവരം. അങ്ങനെ നോക്കുമ്പോൾ പതിനെട്ട് സീസണുകളിലായി അദ്ദേഹത്തിന്റെ മൊത്തം ഐപിഎൽ വരുമാനം 212.44 കോടി രൂപയാണ്.
പരസ്യത്തിൽ നിന്നുള്ള വരുമാനം
30-ലധികം ബ്രാൻഡുകളുമായി പങ്കാളിത്തമുള്ള കോലി, ലോകത്തിലെ ഏറ്റവും വിലപിടിപ്പും, വിപണന സാധ്യതയുമുള്ള കായികതാരങ്ങളിൽ ഒരാളാണ്.എട്ട് വർഷത്തോളമുള്ള കരാറിന്റെ ഭാഗമായി കോലിക്ക് എംആർഎഫിൽ നിന്ന് മാത്രം 100 കോടി ലഭിക്കുന്നുണ്ട്. പ്യൂമയുമായി 110 കോടിയുടെ ഡീലും മറ്റ് കമ്പനികളുമായി കോടികൾ വിലമതിക്കുന്ന പരസ്യ കരാറുകളും താരത്തിനുണ്ട്.
കോലിയുടെ ബിസിനസ് സാമ്രാജ്യം
സുഗന്ധദ്രവ്യങ്ങളിലേക്കും കഫേകളിലേക്കും വ്യാപിച്ച ഒരു ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ വൺ8, സഹ ഉടമസ്ഥതയുള്ള ഫാഷൻ കമ്പനി, ബെംഗളുരുവിലെ റെസ്‌റ്റോറന്റ്, ഐഎസ്എൽ ടീമായ എഫ്‌സി ഗോവയിൽ പങ്കാളിത്തം, ഒട്ടേറെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവ വിരാട് കോലിയുടെ പട്ടികയിൽ ഉണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം.
കോലിയുടെ ആസ്‌തി എത്ര?
നിലവിൽ കോലിയുടെയും ഭാര്യ അനുഷ്‌ക ശർമ്മയുടെയും ആകെ ആസ്‌തി വരുന്നത് 1250 കോടിയോളമാണ്. അതിൽ 1050 കോടിയോളം കോലിയുടേത് മാത്രമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലയിടത്തും ദമ്പതികൾക്ക് വമ്പൻ നിക്ഷേപം തന്നെയുണ്ട്. കോലിയുടെ വാഹന ഗ്യാരേജിൽ മികച്ച ഒട്ടേറെ കാറുകളുമുണ്ട്. അതിൽ ബെന്റ്ലി കോണ്ടിനെന്റൽ ജിടി (നാല് കോടി), ഓഡി ആർ8, റേഞ്ച് റോവർ വോഗ് എന്നിങ്ങനെയുള്ള സൂപ്പർ കാറുകളുമുണ്ട്.












Click it and Unblock the Notifications