'ഡല്‍ഹി ഫയല്‍സിനായി ജോലി ചെയ്യാന്‍ സമയമായി' : വിവേക് അഗ്നിഹോത്രി
ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ ആയിരുന്നു കശ്മീര്‍ ഫയല്‍സ്. ബോക്‌സ് ഓഫീസില്‍ ചിത്രം വലിയ ഹിറ്റായിരുന്നു. പല ബോളിവുഡ് സിനിമ റെക്കോര്‍ഡുകളും കശ്മീര്‍ ഫയല്‍സ് മറികടന്നിരുന്നു. ഇതിന് ശേഷം അടുത്ത സിനിമക്കുള്ള തയ്യാറെടുപ്പിലാണ് വിവേക് അഗ്നിഹോത്രി. ഡല്‍ഹി ഫയല്‍സ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നതെന്നും ചിത്രത്തിന്റെ ജോലികളിലേക്ക് പ്രവേശിക്കാന്‍ സമയമായെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
'കശ്മീര്‍ ഫയല്‍സിനെ പിന്തുണച്ച എല്ലാ ആളുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. കഴിഞ്ഞ 4 വര്‍ഷമായി ഞങ്ങള്‍ അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും വളരെ കഠിനാധ്വാനം ചെയ്തു. കശ്മീരി ഹിന്ദുക്കളോട് ചെയ്യുന്ന വംശഹത്യയെയും അനീതിയെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കേണ്ടത് പ്രധാനമാണ്. ഞാന്‍ ഒരു പുതിയ സിനിമയില്‍ ജോലി ചെയ്യുന്ന സമയമാണിത്. ദി ഡല്‍ഹി ഫയല്‍സ്' വിവേക് അഗ്നിഹോത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദി കശ്മീര്‍ ഫയല്‍സ് ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ പാലായനമാണ് ചര്‍ച്ച ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഫിലിം മേക്കര്‍ അവകാശപ്പെടുന്നു. സിനിമ വിവാദമായതോടെ കേരളത്തില്‍ ഉള്‍പ്പടെ നിരവധി സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കേരളത്തില്‍ ആദ്യം വളരെ കുറച്ച് തീയേറ്ററില്‍ മാത്രമെ ചിത്രത്തിന് പ്രദര്‍ശനം ഉണ്ടായിരുന്നുള്ളൂ.
സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍നിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് സമ്പൂര്‍ണ നികുതിയിളവ് പ്രഖ്യാപിച്ചു.
മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സര്‍ക്കാര്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‌ലിംകള്‍ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീര്‍ ഫയല്‍സ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവര്‍ത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു.
ചുവന്ന സാരിയില്‍ രസ്‌ന പവിത്രന്‍, മനം നിറയെ മധുര സ്മൃതി വിഷു ആശംസകളും, കാണാം ചിത്രങ്ങൾ
അതേ സമയം ബിജെപിയുടെ ഇത്തരം നടപടികള്‍ക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. എല്ലാവരും കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചുള്ള ചിത്രം കാണണമെന്നാണ് ബിജെപി പറയുന്നത്. ചിത്രം എല്ലാവരും കാണണമെന്നുണ്ടെങ്കില്‍ അത് യുട്യൂബില്‍ അപ്ലോഡ് ചെയ്യട്ടെ. ആ റിലീസ് ദിവസം ബിജെപി തന്നെ അനൗണ്‍സ് ചെയ്യട്ടെ. എന്നാല്‍ എല്ലാവര്‍ക്കും യുട്യൂബില്‍ അത് കാണാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ദില്ലി നിയമസഭയുടെ ബജറ്റ് സെഷന്‍ ബിജെപി തടസ്സപ്പെടുത്തിയിരുന്നു. ദില്ലിയില്‍ കശ്മീര്‍ ഫയല്‍സ് നികുതി മുക്തമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വിവേക് അഗ്‌നിഹോത്രിക്ക് ഈ ചിത്രം എല്ലാവരും കാണണമെന്നുണ്ടെങ്കില്‍, അദ്ദേഹം അത് യുട്യൂബില്‍ റിലീസ് ചെയ്യട്ടെ. അപ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി അത് കാണാമല്ലോ എന്നും കെജ്രിവാള്‍ ചോദിച്ചു. രാജ്യത്താകെയുള്ള തെരുവുകളില്‍ ഒരു സിനിമയുടെ പോസ്റ്റര്‍ പതിപ്പിക്കുകയാണ് ബിജെപി. നിങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത് ഇതിനാണോ? നിങ്ങള്‍ വീട്ടില്‍ പോകുമ്പോള്‍ കുട്ടികളോട് എന്താണ് പറയുക. ഒരു പ്രധാനമന്ത്രി എട്ട് വര്‍ഷത്തോളമായി രാജ്യം ഭരിക്കുന്നു. എന്നാല്‍ അദ്ദേഹം വിവേക് അഗ്‌നിഹോത്രയുടെ കാല്‍ക്കല്‍ വീണിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി വിമര്‍ശിച്ചു.












Click it and Unblock the Notifications