ഇനി പാർലമെന്റിൽ കാണാം; കേരള സാരി അണിഞ്ഞ് കൈയിൽ ഭരണഘടനയുമായി പ്രിയങ്ക, സത്യപ്രതിജ്ഞ ചെയ്‌തു
ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി സത്യപ്രതിജ്ഞ ചെയ്‌ത് പ്രിയങ്ക ഗാന്ധി. ഉപതിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്‌തത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കരഘോഷത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് പ്രവർത്തകർ സഭയിലേക്ക് ആനയിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. വയനാട്ടിൽ നിന്നുള്ള പ്രതിനിധിയായി സ്ഥാനം ഏറ്റെടുത്തതോടെ നിലവിൽ കേരളത്തിൽ നിന്നുള്ള ലോക്‌സഭയിലെ ഏക വനിതാ പ്രതിനിധിയായി പ്രിയങ്ക ഗാന്ധി മാറി. ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് മുൻപ് മറ്റ് വനിതാ എംപിമാർ ഒന്നും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധി പാതി വഴിയിൽ ഉപേക്ഷിച്ചു പോയ മണ്ഡലത്തിൽ പ്രിയങ്കയെ കാത്ത് വെല്ലുവിളികൾ ഏറെയാണ്. റായ്ബറേലി മണ്ഡലത്തിലെ എംപി സ്ഥാനം നിലനിർത്താൻ വേണ്ടിയാണ് നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിലെ സ്ഥാനം രാജിവച്ചത്.
ഇതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയായിരുന്നു. ആദ്യഘട്ടത്തിൽ കെ മുരളീധരൻ അടക്കമുള്ള നേതാക്കളുടെ പേര് പരിഗണനയിൽ വന്നെങ്കിലും പിന്നീട് പ്രിയങ്കയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രിയങ്കയുടെ പേര് തന്നെ സംസ്ഥാന നേതൃത്വവും അംഗീകരിച്ചതോടെ തന്റെ കന്നി അംഗം മലയോര പ്രദേശമായ മണ്ഡലത്തിൽ നിന്നാവാൻ നെഹ്‌റു കുടുംബത്തിൽ നിന്നുള്ള പെൺതരി സമ്മതം മൂളുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞെങ്കിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിന്റെ കണക്കുകൾ മറികടന്ന് നാല് ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് പ്രിയങ്ക ജയിച്ചു കയറിയത്. എങ്കിലും പ്രിയങ്കയ്ക്ക് മുൻപിൽ ഇനിയും ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്യാനുണ്ട്, വയനാട് ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം തന്നെയാണ് പ്രധാനമായും പ്രിയങ്കയെ കാത്തിരിക്കുന്ന വെല്ലുവിളി.
ദുരന്തത്തിൽ കേന്ദ്ര സഹായം എത്തിക്കാൻ പ്രിയങ്കയ്ക്ക് കഴിയുമോ എന്നാണ് ദുരന്തബാധിതർ ഉൾപ്പെടെ ഉറ്റുനോക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം അറിയിച്ചു കഴിഞ്ഞതാണ്. കൂടാതെ ദുരന്തനിവാരണ ഫണ്ട് കൂടാതെ അധിക സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ഇവിടെ പ്രിയങ്കയുടെ ഇടപെടൽ ഏത് രീതിയിലാവും എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഇതിന് പുറമേ ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിൽ പ്രിയങ്കയുടെ ഇടപെടൽ ഉണ്ടാകുമോ എന്ന ചോദ്യവും വോട്ടർമാർ ഉയർത്തുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിൽ ഈ വിഷയത്തിൽ സമ്മർദ്ദൻ ചെലുത്താൻ പ്രിയങ്കയ്ക്ക് കഴിഞ്ഞാൽ നിരോധനത്തിൽ ചെറിയ തോതിലെങ്കിലും ഇളവുണ്ടാവുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.












Click it and Unblock the Notifications