പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് രാജിവെച്ചു; നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഞെട്ടിച്ചെന്ന് മമത
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കം. ഡൽഹിയിലെ കേന്ദ്ര അധികാരികൾക്കാണ് അദ്ദേഹം രാജി സമർപ്പിച്ചത്. 2022-ൽ ജഗ്‌ദീപ് ധൻകറിന് ശേഷം ഗവർണർ പദവിയിലെത്തിയ ബോസ് മൂന്നു വർഷത്തിലേറെയായി ആ സ്ഥാനത്ത് സേവനനുഷ്‌ഠിച് വരികയാണ്. അതിനിടയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചു കൊണ്ട് ഈ രാജി ഉണ്ടായിരിക്കുന്നത്.
രാജിക്ക് കൃത്യമായ കാരണങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതും ഔദ്യോഗിക വിശദീകരണങ്ങളില്ലാത്തതും രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. നേരത്തെ ബംഗാൾ ഗവർണർ ആയിരുന്ന ജഗ്‌ദീപ് ധൻകർ പിന്നീട് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. ഗവർണറുടെ പെട്ടെന്നുള്ള രാജിയോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശങ്കയോടെയാണ് പ്രതികരിച്ചത്.

'പശ്ചിമബംഗാൾ ഗവർണർ ശ്രീ സിവി. ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി എന്നെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു' എന്നാണ് അവർ കുറിച്ചത്. രാജിയുടെ കാരണം അറിയില്ലെന്നും മമത വ്യക്തമാക്കി. 'രാജിയുടെ പിന്നിലെ കാരണങ്ങൾ അജ്ഞാതമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദത്താൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നാലും തനിക്ക് അതിശയമില്ല' അവർ കൂട്ടിച്ചേർത്തു.
പുതിയ ഗവർണറുടെ നിയമനത്തെക്കുറിച്ചും മമത ബാനർജി തന്റെ സന്ദേശത്തിൽ പ്രതികരിച്ചു. 'പുതിയ ഗവർണറായി ശ്രീ ആർഎൻ രവിയെ നിയമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. എന്നാൽ, നിലവിലുള്ള കീഴ്വഴക്കം അനുസരിച്ച് അദ്ദേഹം എന്നോട് കൂടിയാലോചിച്ചിട്ടില്ല' എന്നാണ് മമത പറഞ്ഞത്. മാത്രമല്ല പുതിയ നിയമനത്തിലെ അതൃപ്‌തിയും അവർ രേഖപ്പെടുത്തി.
ഗവർണറുടെ രാജിയും പുതിയ നിയമനവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിൽ സ്വാധീനം ചെലുത്തുന്നത് ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇത്തരം നടപടികൾ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുകയും അതിന്റെ അടിത്തറ നശിപ്പിക്കുകയും ചെയ്യുന്നു' അവർ വ്യക്തമാക്കി.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. 'കൂട്ടായ ഫെഡറലിസത്തിന്റെ തത്വങ്ങളെ കേന്ദ്രം ബഹുമാനിക്കണം. ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെയും സംസ്ഥാനങ്ങളുടെ അന്തസും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം' എന്നും മമത ആവശ്യപ്പെട്ടു.
അതിനിടെ തമിഴ്‌നാട് ഗവർണറായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്ന ആർഎൻ രവി വീണ്ടും മറ്റൊരു പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനത്തേക്കാണ് വരുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരുമായി ആവർത്തിച്ച് ഏറ്റുമുട്ടലുകൾ നടത്തിയിട്ടുള്ള ആളാണ് ആർഎൻ രവി. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനത്തോടൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്ന് ആവർത്തിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം രവി തമിഴ്‌നാട് നിയമസഭയിൽ പതിവ് പ്രസംഗം ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications