ബംഗാള്‍ സംഘര്‍ഷഭരിതം; തെരഞ്ഞെടുപ്പ് അക്രമത്തില്‍ കൊല്ലപ്പെട്ടത് 11 പേര്‍, പോളിംഗ് 22.60 ശതമാനം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നു. വ്യാപക സംഘര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 11 പേരാണ് കൊലപ്പെട്ടത്. ഇതില്‍ അഞ്ച് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ബിജെപി, സിപിഎം, എന്നിവരുടെ ഓരോ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അനുയായിയും കൊല്ലപ്പെട്ടവരില്‍വരും.
സുരക്ഷ ഏര്‍പ്പെടുത്തിയ കേന്ദ്ര സേനയില്‍ നിന്ന് വലിയ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നിരവധി പേര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. രണ്ട് പോളിംഗ് ബൂത്തുകളില്‍ ബാലറ്റ് ബോക്‌സുകള്‍ അക്രമികള്‍ തകര്‍ത്തു. അതേസമയം പതിനൊന്ന് മണി വരെ 22.60 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതുവരെ 15 പേര്‍ ഈ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം ഇത്തവണ ആദ്യമായിട്ടാണ് രാജ്ഭവന്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെ കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ സിവി ആനന്ദ ബോസ് തന്റെ ഔദ്യോഗിക വസതിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ഇത്തവണ സൈന്യത്തിന്റെ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കേന്ദ്ര പോലീസ് സേനയും, സംസ്ഥാന പോലീസുമെല്ലാം വന്‍ തോതില്‍ സംസ്ഥാനത്ത് വിന്യസിക്കപ്പെട്ടിരിക്കുകയാണ്.
അതേസമയം ദിന്‍ഹട്ടയിലെ പോളിംഗ് ബൂത്തില്‍ പോളിംഗ് നിര്‍ത്തിവെച്ചിരിക്കുന്നത്. ബാലറ്റ് ബോക്‌സിലേക്ക് വെള്ളം എറിഞ്ഞതിനെ തുടര്‍ന്നാണ് പോളിംഗ് നിര്‍ത്തിവെച്ചത്. കേന്ദ്ര സേനകളെ എന്തിനാണ് വിന്യസിച്ചിരിക്കുന്നതെന്ന് ടിഎംസി ചോദിച്ചിരുന്നു. പലയിടത്തും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി. തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സേന എവിടെയാണെന്നും മന്ത്രി ശശി പഞ്ച ചോദിച്ചു. പല ബൂത്തുകളിലും കേന്ദ്ര സേനയില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃണമൂല്‍ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ ആരോപിച്ചു.
അക്രമപ്രവര്‍ത്തനത്തെ ഗവര്‍ണര്‍ ആനന്ദ ബോസ് അപലപിച്ചു. പലയിടത്തും ആളുകള്‍ ഏറ്റുമുട്ടുന്നുണ്ട്. വെടിയുതിര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഇതൊക്കെ ജനാധിപത്യ ധ്വംസനമാണ്. സാധാരണ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ജനങ്ങള്‍ ഭയക്കാതെ വോട്ട് ചെയ്യാന്‍ എത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂച്ച് ബിഹാറില്‍ കേന്ദ്ര മന്ത്രി നിഷിത് പ്രമാണിക്കിനെ തടയുന്ന സംഭവവുമുണ്ടായി.
വോട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് അസാധുവാക്കമമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കൗസ്തവ് ബഗ്ച്ചി കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അടിയന്തര വാദം കേള്‍ക്കണമെന്നാണ് ആവശ്യം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications