എന്താണ് മിഷോങ് ? ചുഴലിക്കാറ്റിന്റെ പേരിന് പിന്നിലെ കഥ അറിയാം...
തമിഴ്‌നാട്, ഒഡീഷ, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏതാണ്ട് പതിനേഴോളം പേർക്കാണ് ഈ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്‌ടമായത്. ഇത് ഏറ്റവുമധികം ബാധിച്ചതാവട്ടെ ചെന്നൈ നഗരത്തെയുമാണ്.
കേട്ട് പരിചിതമായെങ്കിലും ഈ മിഷോങ് എന്ന പേരിന്റെ പിന്നിലെ കാര്യങ്ങൾ എന്താണെന്ന് നമ്മളിൽ പലർക്കും അറിയില്ല. എന്തുകൊണ്ട് ഈ ചുഴലിക്കാറ്റിന് ഈ പേര് നൽകിയതെന്നും, അതിന്റെ അർത്ഥമെന്തെന്നും ഒക്കെ അറിയാൻ ചിലർക്കെങ്കിലും ജിജ്ഞാസ ഉണ്ടാവുമെന്ന് ഉറപ്പാണ്. അങ്ങനെയുള്ളവർക്കായി അതിന് പിന്നിലെ കാഥറിയാം...

എന്താണ് മിഷോങ് ?
ലോക കാലാവസ്ഥാ സംഘടന പറയുന്നതനുസരിച്ച് മ്യാൻമറാണ് ഈ ചുഴലിക്കാറ്റിന്റെ പേര് നിർദ്ദേശിച്ചത്. മിഷോങ് എന്നാൽ ശക്തി, സഹിഷ്‌ണുത എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. ഒരേസമയം ഒന്നിലധികം സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റുകൾക്ക് പൊതുവായ പേരുകൾ നൽകണമെന്ന കാലാവസ്ഥാ വകുപ്പിന്റെ തീരുമാന പ്രകാരമാണ് ഇത്തരത്തിൽ ഇവയ്ക്ക് പേരുകൾ നൽകുന്നത്. ഇത് പ്രകാരം ഇക്കുറി മ്യാന്മാറിന്റെ ഊഴമായിരുന്നു. അങ്ങനെയാണ് മിഷോങ് എന്ന പേരിലേക്ക് ഇതെത്തിയത്.
അതേസമയം, മിഷോങ് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചു കഴിഞ്ഞതായി കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് കാറ്റ് ആന്ധ്രാതീരം തൊട്ടത്. 110 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിൽ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുണ്ടായ മഴയിൽ കനത്ത നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈ നഗരത്തിലെ വലിയൊരു ഭാഗം കേന്ദ്രങ്ങളും വെള്ളത്തിനടിയിലാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്‌തിരുന്നു. നിലവിൽ ഇത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.












Click it and Unblock the Notifications