70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ഇൻഷുറൻസോ? അതും 5 ലക്ഷത്തിന്റെ കവറേജ്, ആയുഷ്‌മാൻ ഭാരതിലൂടെ
ന്യൂഡൽഹി: രാജ്യത്തെ വയോജനങ്ങൾക്ക് കൈത്താങ്ങാവുന്ന ഒരു നിർണായക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിന് കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ നൽകാനുള്ള തീരുമാനമാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. വളരെയധികം ഗുണകരമായ പ്രഖ്യാപനമെന്ന് നിസംശയം പറയാം.
ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ആറ് കോടിയോളം മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. ഇതിൽ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ കുടുംബാടിസ്ഥാനത്തിൽ ആയിരിക്കും നൽകുക.

പദ്ധതിയുടെ ഗുണങ്ങളും മാനദണ്ഡങ്ങളും എന്തൊക്കെ?
ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യയുടെ കീഴിൽ ഇതിനകം ഉൾപ്പെട്ട കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ അധിക പരിരക്ഷ കുടുംബത്തിലെ എഴുപത് വയസിന് താഴെയുള്ള മറ്റുള്ളവരുമായി പങ്കിടേണ്ടതില്ല എന്നതാണ്.
കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്‌മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പൊതു ഹെൽത്ത് ഇൻഷുറൻസ് സ്‌കീമുകളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന 70 വയസ് പിന്നിട്ട മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതിയിൽ തുടരുകയോ, അല്ലെങ്കിൽ ഈ പദ്ധതിയിലേക്ക് മാറുകയോ ചെയ്യാവുന്നതാണ്.
എന്നാൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുകയോ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് സ്‌കീമിന് കീഴിലുള്ളവരോ ആയ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്‌മാൻ ഭാരത് സ്‌കീം പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്, ഇത് ഒരുപാട് പേർക്ക് ഗുണമാവും.
ആയുഷ്‌മാൻ ഭാരത് സ്‌കീം
12.34 കോടി കുടുംബങ്ങളിലെ 55 കോടി ആളുകൾക്ക് സെക്കൻഡറി, ടെർഷ്യറി കെയർ ആശുപത്രി സീവനത്തിനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായ പിന്തുണയോടെയുള്ള ആരോഗ്യ ക്ഷേമ പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.
നിലവിൽ പ്രായവ്യത്യാസമില്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും പദ്ധതിയുടെ പരിധിയിൽ വരും. 49 ശതമാനം സ്ത്രീ ഗുണഭോക്താക്കളുൾപ്പെടെ 7.37 കോടി കേസുകൾ ഈ പദ്ധതിയിൽ ഇതുവരെ ഉൾപ്പെടുത്തി എന്നാണ് കണക്കുകൾ. ഒരു ലക്ഷം കോടിയിലധികം രൂപയുടെ സഹായം ഇതുവരെ ഈ പദ്ധതി വഴി അനുവദിച്ചു എന്നാണ് കേന്ദ്രം അറിയിക്കുന്നത്.












Click it and Unblock the Notifications