സിം ഇല്ലെങ്കിൽ ഇനി വാട്‌സ് ആപ്പും ടെലിഗ്രാമും പ്രവർത്തിക്കില്ല; ജനുവരി 1 മുതൽ പുതിയ നീക്കം, മാറ്റം എന്ത്?
ന്യൂഡൽഹി: വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിൽ മാറ്റം വരുത്തുന്ന പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. 2027 ജനുവരി 1 മുതൽ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച സിം കാർഡ് ഫോണിൽ സജീവമായി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാണ് തീരുമാനം. ടെലികോം വകുപ്പിന്റെ നിർദേശപ്രകാരം 2026 ഡിസംബർ 31നകം ആപ്പുകൾ പുതിയ വ്യവസ്ഥകൾ പാലിക്കണം.
സിം കാർഡ് നീക്കം ചെയ്യുകയോ മാറ്റുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്‌താൽ ബന്ധപ്പെട്ട ആപ്പുകളുടെ പ്രവർത്തനം തടസപ്പെടാം. ഇതിലൂടെ സൈബർ തട്ടിപ്പുകൾ തടയുന്നതിനും മൊബൈൽ നമ്പറുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ശ്രമം. പുതിയ വ്യവസ്ഥയെ സിം ബൈൻഡിംഗ് എന്നാണ് വിളിക്കുന്നത്.

നിലവിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരിക്കൽ സ്ഥിരീകരണം നടത്തിയാൽ സിം കാർഡ് പിന്നീട് ഫോണിൽനിന്ന് മാറ്റിയാലും പല സന്ദേശ ആപ്പുകളും പ്രവർത്തിക്കാറുണ്ട്. എന്നാൽ പുതിയ നിർദേശപ്രകാരം ആപ്പിൽ രജിസ്‌റ്റർ ചെയ്‌ത നമ്പറുമായി ബന്ധപ്പെട്ട സിം കാർഡ് അതേ ഉപകരണത്തിൽ സജീവമായി ഉണ്ടായിരിക്കണം. സിം ഇല്ലാത്ത ഫോണിൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സേവനങ്ങളെ ഈ നിർദേശം ബാധിക്കും.
കമ്പ്യൂട്ടറിൽ വാട്‌സ് ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും മാറ്റങ്ങളുണ്ടാകും. ബന്ധിപ്പിച്ച വെബ് സേവനങ്ങളിൽനിന്ന് നിശ്ചിത ഇടവേളകളിൽ സ്വയം പുറത്താക്കുന്ന സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം. വീണ്ടും ഉപയോഗിക്കാൻ ഫോണിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ബന്ധിപ്പിക്കേണ്ടിവരാം. ഇതിലൂടെ അനധികൃതമായി മറ്റൊരാൾക്ക് അക്കൗണ്ട് ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ വെബ് സേവനങ്ങളിൽനിന്ന് പുറത്താക്കേണ്ട കൃത്യമായ ഇടവേള സംബന്ധിച്ച് പിന്നീട് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. വിദേശയാത്ര നടത്തുന്നവരും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഈ മാറ്റം ശ്രദ്ധിക്കേണ്ടതാണ്. രജിസ്‌റ്റർ ചെയ്‌ത സിം കാർഡ് മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്‌താൽ ആപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കാം.
അതേസമയം, ഈ നിർദേശം നടപ്പാക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങളും വിവിധ ഉപകരണങ്ങളിലെ പ്രവർത്തനക്ഷമതയും സംബന്ധിച്ച് സേവനദാതാക്കൾക്ക് മുൻപിൽ ചില വെല്ലുവിളികളുണ്ട്. സൈബർ തട്ടിപ്പുകൾക്കായി മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക, ഉപയോക്താക്കളെ കൂടുതൽ ഫലപ്രദമായി തിരിച്ചറിയുക, ടെലികോം സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.
അതിനാൽ വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവർ തങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത സിം കാർഡ് സജീവമായി സൂക്ഷിക്കുന്നതും പുതിയ വ്യവസ്ഥകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുന്നതും പ്രധാനമാണ്.


Click it and Unblock the Notifications
