ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ എവിടെയാണ് ശിവലിംഗം? ജില്ല മജിസ്‌ട്രേറ്റ് പോലും കണ്ടിട്ടില്ല: സുപ്രീംകോടതി
ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ എവിടെയാണ് ശിവലിംഗംഎന്ന് സുപ്രീംകോടതി. മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിന് എതിരെ ഗ്യാന്‍വാപി മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജില്ല മജിസ്‌ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണം എന്നും സുപ്രീംകോടതി പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരില്‍ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയരുത് എന്നും സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചു.
ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേ നിര്‍ത്തിവെക്കണം എന്ന് ആവശ്യപ്പെട്ടും ഇന്നലെ നടന്ന സര്‍വെയുടെ വിവരങ്ങള്‍ക്കെതിരെയുമാണ് ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ആരാധനാ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത് എന്ന് മസ്ജിദ് കമ്മിറ്റി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മസ്ജിദ് പ്രദേശം സീല്‍ ചെയ്തത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. വാരാണസി കോടതിയുടെ നടപടി തിടുക്കപ്പെട്ടുള്ളതാണെന്നും ഹര്‍ജിയില്‍ ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് ആരോപിക്കുന്നു. ഇതോടെയാണ് ശിവലിംഗം എവിടെയാണ് എന്ന് സോളിസിറ്റര്‍ ജനറലിനോട് സുപ്രീംകോടതി ആരാഞ്ഞത്. എന്നാല്‍ സര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. നാളെ കോടതിയില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാകും എന്നാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയാണ് ഗ്യാന്‍വാപിയില്‍ സര്‍വ്വേ നടത്തിയത്. സര്‍വ്വേ നടത്തിയ സംഘം സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആ സ്ഥലം സീല്‍ ചെയ്യാന്‍ വാരണാസി കോടതി തിങ്കളാഴ്ച ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റായ അഞ്ജുമാന്‍ ഇന്‍തേസാമിയ മസ്ജിദ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അതേസമയം ഗ്യാന്‍വാപിയില്‍ നടത്തുന്ന സര്‍വ്വേ നിര്‍ത്തിവെക്കണം എന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം പള്ളിയില്‍ നടന്ന സര്‍വ്വേക്കിടയായിരുന്നു പള്ളിക്കുള്ളിലെ കിണറില്‍ ശിവലിംഗം കണ്ടു എന്ന് സര്‍വ്വേ സംഘത്തില്‍ ഉണ്ടായിരുന്ന അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. ഈ വിവരം കോടതിയെ ധരിപ്പിക്കും എന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സര്‍വ്വേ സംഘത്തിന്റെ കണ്ടെത്തലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗ്യാന്‍വ്യാപിയുടെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഹിന്ദുദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ സ്ത്രീകള്‍ നല്‍കിയ ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതി സര്‍വ്വേയ്ക്ക് അനുമതി നല്‍കിയത്.

മുഗള്‍ ഭരണകാലത്ത് ഔറംഗസീബ് ആണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചുകൊണ്ടാണ് പള്ളി നിര്‍മിച്ചതെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണം. അയോധ്യ വിധിയ്ക്ക് പിന്നാലെയാണ് ഗ്യാന്‍വാപി മസജിദ് തര്‍ക്കം ഉടലെടുത്തത്. 1991 മുതല്‍ ഗ്യാന്‍വാപി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍












Click it and Unblock the Notifications