തീഹാർ ജയിലിലെ തടവ് പുള്ളി, പ്രചരണം നടത്തിയത് മക്കൾ; ഒമർ അബ്‌ദുള്ളയെ പൂട്ടിയ റാഷിദിനെ അറിയാം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറികളുടെ പട്ടിക എടുത്താൽ അതിൽ മുൻ പന്തിയിൽ തന്നെ വരും ഒമർ അബ്‌ദുള്ളയുടെ തിരഞ്ഞെടുപ്പ് ഫലം. എന്നാൽ അതിൽ അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഘടകം കൂടിയുണ്ട് എന്നത് പലർക്കും അറിയില്ല. ഒമർ അബ്‌ദുള്ളയെ പരാജയപ്പെടുത്തിയ ഷെയ്ഖ് അബ്‍ദുൾ റാഷിദ് എന്ന വ്യക്തി സാധാരണക്കാരനല്ല.
നിലവിൽ തീഹാർ ജയിലിൽ കഴിയുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്‌ദുൾ റഷീദാണ് കക്ഷി. കശ്‌മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്‌ടിച്ച റാഷിദിന്റെ കഥ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

തീഹാർ ജയിലിൽ കഴിയുന്ന റാഷിദ് ആകെ 4,52,812 വോട്ടുകളാണ് നേടിയത്. രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു ഇയാളുടെ വിജയം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒമർ അബ്‌ദുള്ള തന്റെ പരാജയം അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.
ആരാണ് എഞ്ചിനീയർ റാഷിദ് ?
അവാമി ഇത്തേഹാദ് പാർട്ടിയുടെ (എഐപി) ചെയർമാനായ റാഷിദ്, വിവാദങ്ങളുടെ കളിത്തോഴൻ കൂടിയാണ്. 2019ൽ തീവ്രവാദ ഫണ്ടിംഗ് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ജയിലിൽ കഴിയുമ്പോഴും തന്റെ സ്വാധീനം മുതലെടുത്ത് ബാരാമുള്ള മണ്ഡലത്തിൽ ഒമർ അബ്‌ദുള്ളയെ വീഴ്‌ത്താൻ റാഷിദിന് കഴിഞ്ഞു. എഞ്ചിനീയർ റാഷിദിന് വേണ്ടി മക്കളായിരുന്നു പുറത്ത് പ്രചരണം നടത്തിയത്.
നേരത്തെ രണ്ട് വട്ടം എംഎൽഎ കൂടിയായിരുന്നു റാഷിദ്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ പ്രകാരം നിലവിൽ 1.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്‌തികളുടെ മൂല്യം. അതിൽ അദ്ദേഹത്തിൻ്റെ ജന്മനഗരമായ ലാംഗേറ്റിലെ 41,072 ചതുരശ്ര അടി കാർഷികേതര ഭൂമിയും 90 ലക്ഷം രൂപ വിലമതിക്കുന്ന ശ്രീനഗറിലെ വീടും ഉൾപ്പെടുന്നു.
അതേസമയം, ഇത്തവണ ഒമർ അബ്‌ദുള്ളയ്ക്ക് പുറമെ കെ അണ്ണാമലൈ, സ്‌മൃതി ഇറാനി, മെഹബൂബ മുഫ്‌തി തുടങ്ങിയ മുൻനിര നേതാക്കൾക്കും തോൽവി പിണഞ്ഞിരുന്നു. മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്‌തിയാവട്ടെ വലിയ ഭൂരിപക്ഷത്തിനാണ് പരാജയം ഏറ്റുവാങ്ങിയത്.
ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവ് മിയാൻ അൽതാഫ് അഹമ്മദിനെതിരെയായിരുന്നു മുഫ്‌തിയുടെ കനത്ത തോൽവി. ഇതോടെ ഇവിടെ തോൽവി അറിയുന്ന രണ്ടാമത്തെ മുൻ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്‌തി മാറുകയായിരുന്നു.












Click it and Unblock the Notifications